കോഴിക്കോട്കൂടരഞ്ഞിയിൽ ചൈനീസ് ജലവൈദ്യുത പദ്ധതി ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ചു
കോഴിക്കോട്: കൂടരഞ്ഞി പൂവാറൻ തോട് ഉറുമി ചൈനീസ് ജലവൈദ്യുത പദ്ധതിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. ജാർഗഡ് സ്വദേശി ഭരത് മഹത്വ (46) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ജല വൈദ്യുത പദ്ധതിയുടെ ജോലിക്ക് എത്തിയ ഇയാൾ പദ്ധതിയുടെ പൈപ്പ് കുടുക്കുന്നതിനായാണ് പുഴയിലേക്ക് പോയത്.
മറ്റു രണ്ട് പേരും കൂടെ ഉണ്ടായിരുന്നു. ഏറെ നേരം കഴിഞ്ഞും ഭരത് മഹത്വയെ കാണാതായതിനെ തുടർന്ന് കൂടെയുള്ളവർ വിവരം കമ്പനി അധികൃതരെ അറിയിച്ചു. പരിശോധനയിൽ ഇയാളുടെ ചെരിപ്പ് വെള്ളത്തിൽ പൊങ്ങി കിടക്കുന്നതായി കണ്ടെത്തി തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
നാലരയോടെ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഫയർഫോഴ്സ് സ്കൂബ ഡൈവിംഗ് ടീം അംഗങ്ങളായ അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, കേ എസ് ശരത്, യാനവ്, കേ ടീ ജയേഷ് എന്നിവർ ചേർന്നാണ് 20 അടി താഴ്ച്ചയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.