യുഡിഎഫ് പ്രതിഷേധ സമരത്തിൽ സംസാരിക്കുന്നതിനിടെ ഡോ. എം.കെ. മുനീർ കുഴഞ്ഞുവീണു


യുഡിഎഫ് പ്രതിഷേധ സമരത്തിൽ സംസാരിക്കുന്നതിനിടെ ഡോ. എം.കെ. മുനീർ കുഴഞ്ഞുവീണു


കുഴഞ്ഞുവീഴുന്നതിന് മുൻപുള്ള ദൃശ്യം

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത്  സംസാരിക്കുന്നതിനിടെ മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ ഡോ.എം കെ മുനീർ സ്റ്റേജിൽ കുഴഞ്ഞുവീണു.സി പി ജോണിന് ശേഷം  മൈക്കിന് മുന്നിലെത്തി സംസാരിച്ചുതുടങ്ങുമ്പോൾ കുഴഞ്ഞു താഴേക്ക് വീഴുകയായിരുന്നു. അവിടെയുണ്ടായിരുന്ന നേതാക്കൾ പിടിച്ച് കസേരയിലിരുത്തി. അൽപസമയത്തിനകം തന്നെ അദ്ദേഹം  പൂർവസ്ഥിതിയിലേക്ക് മടങ്ങിയെത്തി. ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് മുനിർ തന്നെ ആവശ്യപ്പെടുകയായിരുന്നു.  ഇപ്പോഴും അദ്ദേഹം വേദിയിൽ തുടരുകയാണ്.സർക്കാരിന്റെ രണ്ടാം വാർഷികം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം. രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റിലെ എല്ലാ ഗേറ്റുകളും വളഞ്ഞു. പിന്നാലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരും 9 മണിക്കു മുൻപായി ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവർത്തകരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരന്നു. സെക്രട്ടേറിയേറ്റിലെ മൂന്നു ഗേറ്റുകളും യുഡിഎഫ് പ്രവർത്തകർ വളഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.