
ചെറുതോണിയില്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേല്‍ ജിനീഷ് എന്‍ വി, പാമ്പാടുംപാറ സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വ്യക്തി വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരെ ബൈക്കിലെത്തിയ പ്രതികള്‍ ആസിഡ് ആക്രമണം നടത്തിയത്.
മെഡിക്കല്‍ഷോപ്പ് അടച്ച് വീട്ടിലേക്കുള്ള യാത്രാമധ്യേ ലൈജു സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടത്തിയത്. വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ വച്ച് ബൈക്കിലെത്തിയവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് രാവിലെ എപ്പോള്‍ കടതുറക്കും എന്ന് ചോദിച്ചു. എട്ട് മണിക്ക് തുറക്കുമെന്ന് മറുപടി പറഞ്ഞപ്പോള്‍ എന്നാല്‍ ഇനി മെഡിക്കല്‍ ഷോപ്പ് തുറക്കണ്ട എന്ന് പറഞ്ഞാണ് ബൈക്കിനു പുറകിലിരുന്നയാള്‍ കയ്യില്‍ കരുതിയിരുന്ന കന്നാസില്‍ നിന്ന് ആസിഡ് എടുത്ത് ലൈജുവിന് നേരെ ഒഴിച്ചത്. മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജു കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.