സമാധാനാന്തരീക്ഷത്തിനുശേഷം വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ, ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു

സമാധാനാന്തരീക്ഷത്തിനുശേഷം വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ, ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു


ദിവസങ്ങൾ നീണ്ട സമാധാനാന്തരീക്ഷത്തിനു ശേഷം വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ. തലസ്ഥാന നഗരമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്. ഈ മേഖലയിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതിനെ തുടർന്നാണ് വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ മാറിയത്. പ്രദേശത്ത് സൈന്യത്തെയും, അർദ്ധസൈന്യ വിഭാഗത്തെയും വിന്യസിച്ചിരിക്കുകയാണ്. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ഇംഫാലിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ന്യൂ ചെക്കോൺ മേഖലയിലെ ചന്ത വിഭജിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇന്ന് മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. മെയ് 3-ന് പട്ടികവർഗ്ഗ പദവിക്ക് വേണ്ടിയുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് ആഭ്യന്തര കലാപത്തിന്റെ തുടക്കം. ദിവസങ്ങൾ നീണ്ട കലാപത്തിൽ 70 പേർക്ക് ജീവൻ നഷ്ടമാകുകയും, 250-ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഘർഷത്തെ തുടർന്ന് ഏകദേശം മുപ്പതിനായിരത്തിലധികം പേരാണ് മണിപ്പൂരിൽ നിന്ന് പലായനം ചെയ്തത്