നന്നാകില്ലെന്ന് നിരന്തരം പ്രാകി, സഹപാഠികളിൽ നിന്ന് മാറ്റിയിരുത്തി' അസ്മീയയുടെ ഉമ്മ
ബാലരാമപുരം: ബാലരാമപുരത്തെ മതപഠനശാലയിലെ ദുരൂഹ മരണത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അസ്മീയയുടെ ഉമ്മ. സംസാരത്തിന്റെ പേരിൽ അധ്യാപിക അസ്മീയയെ നിരന്തരം ശകാരിച്ചിരുന്നതായും നന്നാകില്ലെന്ന് പ്രാകിയെന്നും സഹപാഠികളിൽ നിന്ന് മാറ്റിയിരുത്തിയെന്നും അസ്മീയ പറയാറുണ്ടായിരുന്നെന്ന് ഉമ്മ റഹ്മത്ത് ബീവി പ്രതികരിക്കുന്നു. അസ്മീയ ആത്മഹത്യക്ക് ശ്രമിച്ചത് മറച്ചുവച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.
സ്ഥാപന അധികൃതർ ആദ്യം പറഞ്ഞത് അസ്മീയയ്ക്ക് സുഖമില്ലെന്നായിരുന്നു. അസ്മീയയെ ആശുപത്രിയിലെത്തിക്കാൻ പോലും ആരും സഹായിച്ചില്ലെന്നും റഹ്മത്ത് ബീവി പറയുന്നു. അസ്മിയയെ കൂട്ടിക്കൊണ്ടുപോകാനായി മതപഠനശാലയിലെത്തിയപ്പോൾ അസ്മിയ ആത്മഹത്യ ചെയ്ത വിവരം സ്ഥാപന അധികൃതര്‍ മറച്ചുവച്ചു. കുട്ടിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാനാണ് വിളിച്ച് വരുത്തിയതെന്നുമായിരുന്നു സ്ഥാപന അധികൃതർ പറഞ്ഞതെന്നും ഉമ്മ റഹ്മത്ത് ബീവി പറഞ്ഞു. ബീമാപള്ളി സ്വദേശിയായ 17 കാരിയെ ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മെയ് 13ാം തിയതിയാണ്. ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയില്‍ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ.
വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെ തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടത്. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മീയ മരിച്ചതായി അറിയുന്നത്. അടുക്കളഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയത്.