റെക്കോർഡ് നേട്ടത്തിലേറി പേടിഎം, വരുമാനം കുതിച്ചുയർന്നു

റെക്കോർഡ് നേട്ടത്തിലേറി പേടിഎം, വരുമാനം കുതിച്ചുയർന്നു


വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ ഫിൻടെക് ഭീമനായ പേടിഎം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 7,991 കോടി രൂപയായാണ് പേടിഎമ്മിന്റെ വരുമാനം ഉയർന്നത്. പ്രധാനമായും ബിസിനസിൽ വൈവിധ്യവൽക്കരണം കൊണ്ടുവന്നതോടെയാണ് റെക്കോർഡ് വരുമാനം നേടാൻ പേടിഎമ്മിന് സാധിച്ചത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം മർച്ചന്റ് പേയ്മെന്റുകളിലാണ് പേടിഎം കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്.

വാലറ്റ്, യുപിഐ, പോസ്റ്റ്പെയ്ഡ്, ഫുൾ വാലറ്റ്, ഫാസ്റ്റ് ടാഗ് തുടങ്ങിയ പേയ്മെന്റ് സംവിധാനങ്ങളിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പേടിഎമ്മിന് സാധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ പേടിഎം പ്ലാറ്റ്ഫോമുകൾ വഴി വിതരണം ചെയ്ത വായ്പകളുടെ മൂല്യം 364 ശതമാനമാണ് ഉയർന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയെ മറികടന്നാണ് പേടിഎം ഉയർന്ന വരുമാനം നേടിയിരിക്കുന്നത്. ഫോൺപേയും ഗൂഗിൾ പേയും പ്രധാനമായും യുപിഐ പി2പി ഇടപാടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോൺപേയുടെ വരുമാനമായ 1,912 കോടി രൂപയേക്കാൾ മുന്നിലാണ് പേടിഎമ്മിന്റെ ആദ്യ പാദത്തിലെ വരുമാനം.