സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • തൃശൂര്‍: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നിയമ പരിപാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

പൊലീസ് അത്യന്തം അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരാണ്. അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. പക്ഷെ ആകസ്മികമായ ചില സംഭവങ്ങള്‍ ചില ഘട്ടത്തില്‍ ഉണ്ടാകുന്നുണ്ട്. അതിനെ നേരിടാന്‍ പ്രാപ്തമാകത്തക്ക രീതിയില്‍ സേന സജ്ജമാകേണ്ടതുണ്ട്. പൊലീസ് സേന ആധുനിക കാലത്തിന് ചേരുന്ന വിധത്തില്‍ പാകപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജനങ്ങളുടെ സഹായികളായും സംരക്ഷകരായും പൊലീസ് സേന മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also read-ഡോ. വന്ദനയുടെ മരണം: ആശുപത്രികളിൽ മോർട്ടാലിറ്റി ഓഡിറ്റ് നിർബന്ധമാക്കണമെന്ന് വിദഗ്ധർ

‘പൊലീസ് ജനങ്ങളുമായി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സേനയാണ്. പൊലീസിന്റെ ഇടപെടല്‍ ജനങ്ങള്‍ക്കു വേണ്ടിയാണ്. ഒരു ബാഹ്യ ഇടപെടലും പൊലീസിന്റെ പ്രവര്‍ത്തനത്തിന് തടസമാകില്ല. സമൂഹത്തിന് ചേരാത്ത കാര്യങ്ങള്‍ ചെയ്തും ഔദ്യോഗിക ജീവിതത്തില്‍ തുടരാമെന്ന് കരുതുന്ന ചില പൊലീസുകാരുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് സേനയില്‍ കൂടുതല്‍ വരുന്നത്. ഇത് സേനയ്ക്ക് പുതിയ മുഖം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.