അസ്മിയയുടെ ദുരൂഹ മരണം: മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

അസ്മിയയുടെ ദുരൂഹ മരണം: മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്


തിരുവനന്തപുരം: അസ്മിയ മോൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫൈ മാർച്ച്. ബാലരാമപുരം അൽ അമീൻ മത വിദ്യഭ്യാസ സ്ഥാപത്തിലേക്കായിരുന്നു ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.

അതേസമയം, ബാലരാമപുരത്തെ മതപഠനശാലയിൽ 17 കാരി അസ്മിയയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബി ജെ പിയും എ ബി വിപിയും രംഗത്തെിയിരുന്നു. അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പിയും എ ബി വി പിയും മതപഠനശാലയായ അൽ അമാൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക്   പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.  

അതിനിടെ ദുരൂഹ സാഹചര്യത്തിൽ 17 കാരി അസ്മിയ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി നെയ്യാറ്റിൻകര എ എസ് പിയുടെ മേൽനോട്ടത്തിൽ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. 

അസ്മീയയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും ബന്ധുക്കൾ പരാതിപ്പെടുന്നുണ്ട്. ശനിയാഴ്ചയാണ് ബാലരാമപുരത്തെ അൽ അമൻ എഡ്യുക്കേഷനണൽ കോംപ്ലക്സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അസ്മിയയെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് വിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നാണ് ഉമ്മയോട് ആവശ്യപ്പെട്ടത്. 

ഉസ്ദാതും ടീച്ചറും ഒറ്റപ്പെടുത്തുന്നുവെന്നും വഴക്കുപറയുന്നുവെന്നുമാണ് അസ്മീയ ഉമ്മയോട് പറഞ്ഞത്. മകളുടെ സംസാരത്തിൽ വിഷമം തോന്നിയ ഉമ്മ റഹ്മത്ത് ബീവി ഉടൻ ബാലരാമപുരത്തെത്തി. പക്ഷെ അസ്മിയ കുളിമുറിയിലാണെന്ന് പറഞ്ഞ് സ്ഥാപന അധികൃതർ കാത്തിരുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോഴാണ് ലൈബ്രറിയോട് ചേർന്ന് അസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.