
ആദ്യ പോസ്റ്റിങ്ങിൽ തന്നെ കൈക്കൂലി വാങ്ങി ജാർഖണ്ഡിലെ സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ. ഒരു പ്രാദേശിക സ്ഥാപനത്തിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ജാർഖണ്ഡിലെ സഹകരണ വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയായ മിതാലി ശർമയെ ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) കയ്യോടെ പിടികൂടിയത്. എട്ടു മാസം മുൻപാണ് ജാർഖണ്ഡിലെ കോഡെർമയിൽ അസിസ്റ്റന്റ് രജിസ്ട്രാറായി മിതാലി ജോലിയിൽ പ്രവേശിച്ചത്.
ജൂലൈ ഏഴിന് കോഡർമ വ്യാപാരി സഹ്യോഗ് സമിതിയിൽ നിന്ന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് മിതാലിക്ക് എതിരെയുള്ള പരാതി. ഇതിന്റെ ആദ്യ ഗഡുവായി 10,000 രൂപ വാങ്ങുന്നതിനിടെയാണ് എസിബി സംഘം മിതാലിയെ പിടികൂടിയത്. വ്യാപാരി സഹ്യോഗ് സമിതിയിലെ പരിശോധനയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു, അതിനാൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയിരുന്നു.
Also Read- കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ KSRTC ഡെപ്യൂട്ടി ജനറൽ മാനേജർക്ക് സസ്പെൻഷൻ
മിതാലി കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന്, സമിതി അംഗമായ രാമേശ്വർ പ്രസാദ് യാദവ്, എസിബി ഡയറക്ടർ ജനറലിന് പരാതി നൽകി. പരാതി പരിശോധിച്ച ശേഷം എസിബി മിതാലിയെ കയ്യോടെ പിടികൂടാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
Also Read- ശസ്ത്രക്രിയയ്ക്ക് 3000 രൂപ കൈക്കൂലി; തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ
മിതാലി കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് വൻ ജനരോഷത്തിന് കാരണമായി. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്. തുടർ നടപടികൾക്കായി എസിബി സംഘം മിതാലിയെ ഹസാരിബാഗിലേക്ക് കൊണ്ടുപോയി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് മിതാലിയെ അറസ്റ്റ് ചെയ്തതെന്ന് എസിബി ഉദ്യോഗസ്ഥർ അറിയിച്ചു.