നിർദ്ദിഷ്ട ഇരിട്ടി കുന്നോത്ത്‌ വ്യവസായ പാർക്ക്‌: 10 ദിവസത്തിനകം സ്ഥലപരിശോധനനടത്തും–- മന്ത്രി പി രാജീവ്‌

നിർദ്ദിഷ്ട ഇരിട്ടി കുന്നോത്ത്‌ വ്യവസായ പാർക്ക്‌: 10 ദിവസത്തിനകം സ്ഥലപരിശോധന
നടത്തും–- മന്ത്രി പി രാജീവ്‌


ഇരിട്ടി:  കുന്നോത്തെ നിർദ്ദിഷ്ട വ്യവസായ എസ്റ്റേറ്റിന്‌ അനുമതി നൽകുന്നതിന്റെ ആദ്യപടിയായി സ്ഥലപരിശോധന പത്ത്‌ ദിവസത്തിനകം നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. തലശ്ശേരി അതിരൂപതക്ക്‌ കീഴിൽ കുന്നോത്ത്‌ പത്തേക്കർ
സ്ഥലത്ത്‌ തുടങ്ങുന്ന വ്യവസായ എസ്റ്റേറ്റിൽ ആരംഭിച്ച ആദ്യ സംരംഭമായ ബയോ മൗണ്ടൻ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനിയുടെ കറി പൗഡർ നിർമ്മാണ യൂണിറ്റ്‌ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. 
ലോകത്തെ സുഗന്ധ വ്യഞ്ജനങ്ങളുടെ ഹബ്ബാണ്‌ കേരളമെന്നും കാർഷിക, വ്യവസായ രംഗത്ത്‌ കേരളത്തിന്റെ വളർച്ചാ സാധ്യതകൾ ഏറെയാണെന്നും മന്ത്രി പറഞ്ഞു.  കേരളത്തിൽ കഴിഞ്ഞ വർഷം ലക്ഷ്യമിട്ട ഒരു ലക്ഷത്തിന്‌ പകരം 1,39,000 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചു. സ്‌ത്രീകളുടെ കൂട്ടായ്മയിൽ ആരംഭിച്ച 45000 സംരംഭങ്ങളാണ് ഇതിലെ സവിശേഷത. വ്യവസായ
എസ്റ്റേറ്റിന്‌ മൂന്ന്‌ കോടിയുടെ ധനസഹായവും സമയബന്ധതിമായി അനുവദിക്കുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചു. എസ്റ്റേറ്റിൽ തുടങ്ങുന്ന
സംരംഭങ്ങൾക്കെല്ലാം ഏകജാലകം വഴി ലൈസൻസും നൽകും. നിർദ്ദിഷ്ട കുന്നോത്ത്‌ വ്യവസായ പാർക്കിന്‌ സർക്കാർ വ്യവസായ പാർക്ക്‌ പദവിയും നൽകുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിലെ കർഷകരെ ഉൾപ്പെടുത്തിയാണ്‌ പ്രൊഡ്യൂസർ കമ്പനി നിലവിൽ വന്നത്‌. കറി പൗഡർ യൂണിറ്റിൽ നിന്നുള്ള 15 ഇനം ഉൽപ്പന്നങ്ങൾ മന്ത്രി വിപണിയിൽ ഇറക്കി. വിവിധ മേഖലകളിൽ മികവ്‌ തെളിയിച്ചവർക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു. അതിരൂപതാ ആർച്ച്‌ ബിഷപ്പ്‌ മാർ ജോസഫ്‌ പാംബ്ലാനി അധ്യക്ഷനായി. കേരള കാർഷിക സർവകലാശാലയിലെ
ഡോ. കെ. പി. സുധീർ മുഖ്യഭാഷണം നടത്തി. എംഎൽഎമാരായ സണ്ണിജോസഫ്‌, സജീവ്‌ ജോസഫ്‌, ജില്ലാ വ്യവസായ വകുപ്പ്‌ ജനറൽ മാനേജർ എ. എസ്‌. ഷിറാസ്‌, പ്രൊഡ്യൂസർ കമ്പനി എംഡി ഫാ. ബെന്നി നിരപ്പേൽ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി, വൈസ്‌ പ്രസിഡന്റ്‌ എം.
വിനോദ്‌കുമാർ, ഫാ. അഗസ്റ്റിൽ പാണ്ട്യംമാക്കൽ, കെ എസ്‌ സുഭാഷ്‌രാജൻ, പി. ടി. ജോസ്‌, ഫാ. ലൂക്കോസ്‌ മാടശ്ശേരി എന്നിവർ സംസാരിച്ചു. സംരംഭം നിർമ്മിച്ച കറി പൗഡറുകൾ, ചക്ക, ജാതിക്ക വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായി.