ഹണിട്രാപ്പിലാക്കി വയോധികന്റെ 11 ലക്ഷം തട്ടിയ സീരിയല്‍ നടിയും പുരുഷസുഹൃത്തും അറസ്‌റ്റില്‍

ഹണിട്രാപ്പിലാക്കി വയോധികന്റെ 11 ലക്ഷം തട്ടിയ സീരിയല്‍ നടിയും പുരുഷസുഹൃത്തും അറസ്‌റ്റില്‍


കൊല്ലം: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷകകൂടിയായ സീരിയല്‍ നടിയും പുരുഷസുഹൃത്തും അറസ്‌റ്റില്‍. 
പത്തനംതിട്ട മലയാലപ്പുഴ അമൃതയില്‍ നിത്യ (32), വയോധികന്റെ ബന്ധു കൊല്ലം പരവൂര്‍ പൂതക്കുളം കലയ്‌ക്കോട്‌ ശിവനന്ദനത്തില്‍ ബിനു (48) എന്നിവരെയാണു പരവൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വിമുക്‌തഭടനും കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനുമായ തിരുവനന്തപുരം പട്ടം സ്വദേശിയായ എഴുപത്തഞ്ചുകാരനാണ്‌ തട്ടിപ്പിന്‌ ഇരയായത്‌. കഴിഞ്ഞ മേയ്‌ 24നാണ്‌ സംഭവങ്ങളുടെ തുടക്കം. വയോധികന്റെ പരവൂര്‍ കലയ്‌ക്കോട്ടെ വീട്‌ വാടകയ്‌ക്ക്‌ നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ ബിനു മുഖേന അറിഞ്ഞ നിത്യ, തുടര്‍ഫോണ്‍വിളിയിലൂടെ വയോധികനുമായി സൗഹൃദം സ്‌ഥാപിച്ചു. പിന്നീട്‌ വീടുകാണാന്‍ ബിനുവിനൊപ്പം നിത്യ കലയ്‌ക്കോട്ടെത്തി. 
വയോധികനും സ്‌ഥലത്തുണ്ടായിരുന്നു. വീട്‌ കാണുന്നതിനിടെ വയോധികനെ വിവസ്‌ത്രനാക്കി നിത്യയ്‌ക്കൊപ്പം നിര്‍ത്തി ചിത്രങ്ങളെടുത്തു. മുന്‍നിശ്‌ചയപ്രകാരം ഫോണില്‍ ചിത്രം പകര്‍ത്തിയതു ബിനുവായിരുന്നു. ഇതു സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി ആവര്‍ത്തിച്ചതോടെ വയോധികന്‍ 11 ലക്ഷം രൂപ നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ 18ന്‌ ഇയാള്‍ പരവൂര്‍ പോലീസില്‍ പരാതി നല്‍കി. ബാക്കി പണം നല്‍കാനെന്നു പറഞ്ഞ്‌ പോലീസ്‌ നിര്‍ദേശപ്രകാരം പരാതിക്കാരന്‍ ഇവരെ തിരുവനന്തപുരം പട്ടത്തെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി. കാത്തുനിന്ന പോലീസ്‌ ഇരുവരെയും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. മുമ്പ്‌ പ്രതികള്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നു പോലീസ്‌ പറഞ്ഞു.