അടിവസ്ത്രത്തിൽ 11 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയയാളെ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടി


അടിവസ്ത്രത്തിൽ 11 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയയാളെ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടി


കോഴിക്കോട്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ ലക്ഷങ്ങൾ വില വരുന്ന സ്വർണവുമായി യുവാവിനെ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിന് പുറത്താണ് വീണ്ടും പൊലീസിന്‍റെ സ്വർണവേട്ട. ദുബായിൽനിന്ന് എത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹൂഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ അബ്ദൂൾ റഹൂഫ് 188 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കടത്തിക്കൊണ്ടുവന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയെ അതിജീവിച്ച് പുറത്തുകടന്ന ഇയാളെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. വിപണിയില്‍ ഏകദേശം പതിനൊന്ന് ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് അബ്ദുൾ റഹൂഫ് കടത്തിയത്.

സ്വര്‍ണം പൊടി രൂപത്തിലാക്കി, അടിവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ചാണ് അബ്ദുൾ റഹൂഫ് കടത്തിക്കൊണ്ട് വന്നത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്കുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിൽ എത്തിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ പൊലീസാണ് റഹൂഫ് പൊലീസിന്‍റെ വലയിലായത്.


രഹസ്യം വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു പൊലീസ് സംഘം. വിമാനത്താവളത്തിന് പുറത്തേക്ക് വന്ന റഹൂഫിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ ഒരുമണിക്കൂറോളം ചോദ്യം ചെയ്തിട്ടും സ്വര്‍ണം കൈവശമുള്ള വിവരം ഇയാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പൊലീസ് വസ്ത്രമഴിച്ച്‌ പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിലെ പ്രത്യേക തുന്നല്‍ ശ്രദ്ധിച്ചത്. ഇത് പൊട്ടിച്ചപ്പോഴാണ് ഉളളില്‍ സ്വര്‍ണപാക്കറ്റ് കണ്ടെത്തിയത്.