പിഎം കിസാന്‍ പദ്ധതി: 14-ാം ഗഡു വിതരണം ഇന്ന്; 17000 കോടി രൂപ 8.5 കോടി ഗുണഭോക്താക്കളിലേയ്ക്ക്

പിഎം കിസാന്‍ പദ്ധതി: 14-ാം ഗഡു വിതരണം ഇന്ന്; 17000 കോടി രൂപ 8.5 കോടി ഗുണഭോക്താക്കളിലേയ്ക്ക്

പിഎം കിസാന്‍ പദ്ധതിയുടെ പതിനാലാം ഗഡു വിതരണം ഇന്ന് (ജൂലൈ 27) ആരംഭിക്കും. ഇത്തവണ 8.5 കോടി കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ഇതിനായി 17000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.

വ്യാഴാഴ്ച രാജസ്ഥാനിലെ സികാറില്‍ വെച്ച് നടക്കുന്ന പരിപാടിയോടെ ഗഡു വിതരണം ആരംഭിക്കും. തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ഈ സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കാനാകുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ആരംഭിച്ച പദ്ധതിയാണ് പിഎം കിസാന്‍ പദ്ധതി. 2019 ഫെബ്രുവരി 24നാണ് ഈ പദ്ധതി ആരംഭിച്ചത്.



പദ്ധതി പ്രകാരം പ്രതിവര്‍ഷം 6000 രൂപ കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായാണ് നല്‍കുന്നത്. പിഎം കിസാനിലൂടെ രാജ്യത്തെ 11 കോടിയിലധികം കര്‍ഷകര്‍ക്ക് ഇതിനോടകം 2.42 ലക്ഷം കോടിയുടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.

അതേസമയം രാജസ്ഥാനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ 1.25 ലക്ഷം പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുമെന്നും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.

റീട്ടെയ്ല്‍ ആയി കാര്‍ഷിക വളം നല്‍കുന്ന രാജ്യത്തെ കടകള്‍ പിഎം കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ കേന്ദ്രങ്ങളിലൂടെ കര്‍ഷകര്‍ക്ക് മണ്ണ്, വിത്ത്, എന്നിവ പരിശോധിക്കുന്നതിനുള്ള അവസരം ലഭിക്കും. കൂടാതെ കീടനാശിനികളും മറ്റും ലഭ്യമാക്കും.ഈ കേന്ദ്രങ്ങള്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുകയും കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യും.



PM-KISAN സ്കീമിന് കീഴിൽ അർഹരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതമാണ് ലഭിക്കുക. അതായത് പ്രതിവർഷം 6,000 രൂപ. ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച് എന്നിങ്ങനെ മൂന്ന് ഗഡുക്കളായാണ് ഓരോ വർഷവും ഈ പണം നൽകുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് ഫണ്ട് കൈമാറുന്നത്. രാജ്യത്ത് യോഗ്യരായ എട്ട് കോടിയിലധികം കർഷകർക്കായി ഫെബ്രുവരിയിൽ 16,800 കോടി രൂപയുടെ പിഎം-കിസാന്റെ 13-ാം ഗഡു നേരത്തെ അനുവദിച്ചിരുന്നു. 2022 ഒക്ടോബറിലാണ് 12-ാം ഗഡു വിതരണം ചെയ്തത്.11-ാം ഗഡു 2022 മെയ് മാസത്തിൽ വിതരണം പൂർത്തിയാക്കിയിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഇന്ത്യന്‍ പൗരന്മാരായ എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതില്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒപ്പം , കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും