
മലപ്പുറം: പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടില്‍ മഞ്ജു എന്ന ബിനിതയെയാണ് (36) ശിക്ഷിച്ചത്. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്.
അയൽവീട്ടിലെ പെൺകുട്ടി യുവതിയുടെ വീട്ടിൽ കളിക്കാനായി വന്നപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. യുവതി സ്വന്തം വീട്ടിൽവെച്ച് നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വഴിക്കടവ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ് പറയട്ട രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമര്‍പ്പിച്ചത് വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീറായിരുന്നു.
Also Read- പഴയ കാമുകനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ യുവതി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നു
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എൻ. സല്‍മ, പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. ഏറെ കാലത്തെ വാദത്തിനൊടുവിലാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചത്.