മണാലിയിൽ കുടുങ്ങി കിടക്കുന്നത് 47 മലയാളി വിദ്യാര്‍ത്ഥികള്‍; 'സുരക്ഷ ഉറപ്പാക്കണം', കത്തയച്ച് പ്രതിപക്ഷ നേതാവ്

മണാലിയിൽ കുടുങ്ങി കിടക്കുന്നത് 47 മലയാളി വിദ്യാര്‍ത്ഥികള്‍; 'സുരക്ഷ ഉറപ്പാക്കണം', കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഹിമാചൽ പ്രദേശില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. കേരളത്തില്‍ നിന്നുള്ള 47 വിദ്യാര്‍ത്ഥികളാണ് മണാലി ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത്. കളമശേരി, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, ഹിമാചൽ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഹിമാചലിൽ കുടുങ്ങിയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ന്യൂ ദില്ലി കേരളാഹൗസിൽ 011-23747079 എന്ന ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചിട്ടിട്ടുണ്ട്. മലയാളികളുടെ സുരക്ഷയ്ക്കായി ആവശ്യമായ തരത്തിലുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം തന്നെ സുരക്ഷിതരാണ്. ഔദ്യോഗിക ഇടപെടലുകൾക്ക് പുറമേ ടൂർ ഓപ്പറേറ്റർമാർ, ഹിമാചലിലെ മലയാളി സംഘടനകൾ എന്നിവരുടെ സഹകരണം കൂടി ഇക്കാര്യത്തിൽ ഉറപ്പുവരുത്തുന്നുണ്ട്. അതേസമയം,  ഉത്തരേന്ത്യയിൽ അതിരൂക്ഷമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ മരണം 41 ആയി. ഹിമാചൽ പ്രദേശിന് പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്.

യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ദില്ലി കടുത്ത ആശങ്കയിലാണ്. അതേസമയം കനത്ത മഴ നാല് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ ഏഴ് സംസ്ഥാനങ്ങൾ അതിരൂക്ഷമായ പ്രളയക്കെടുതിയിലാണ്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ദില്ലി, യുപി സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലായി. പഞ്ചാബിൽ മൊഹാലി, രൂപ്നഗർ, സിർക്കാപൂർ പ്രദേശങ്ങൾ വെള്ളത്തിലാണ്.