ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍, സ്വകാര്യഭാഗങ്ങളിലും മുറിവ്

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍, സ്വകാര്യഭാഗങ്ങളിലും മുറിവ്


കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരി ചാന്ദ്നിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉള്ളതായി ഡിഐജി. കുട്ടിയുടെ കഴുത്തിലടക്കം മുറിവുകളുണ്ട്. ലൈംഗിക പീഡനത്തിന് ഇരയായെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന. നിലവില്‍ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുള്ളു.

അതേസമയം, സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ഇന്നലെയാണ് ആലുവ ഗ്യാരേജില്‍ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ അസം സ്വദേശി
തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസ്ഫാക്ക് രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കാന്‍ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കെഎസ്ആര്‍ടിസി ബസില്‍ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകള്‍ക്കകം പ്രതി അസ്ഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതി പിടിയില്‍ ആയത്. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്