സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസ്; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍
പാലക്കാട് മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അര്‍ജുനെ പുനെയില്‍ നിന്നാണ് മീനാക്ഷിപുരം പോലീസ് കസ്റ്റടിയിലെടുത്തത്. പോലീസ് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ നേരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ നേരത്തെ ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്നു . ഇയാള്‍ക്കെതിരെ നേരത്തെയും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കുകയായിരുന്നു.
പിന്നീട് സ്വന്തം നിലയ്ക്ക് നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം നടത്തിയ അര്‍ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. അര്‍ജുനും സംഘവും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് ചെയ്തുവന്നത്. അര്‍ജുന്‍ ആയങ്കി ഗള്‍ഫിലും കേരളത്തിലുടനീളവും നെറ്റ് വര്‍ക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തല്‍.