'ഒരു കഷ്ണം പഞ്ചസാര മിഠായി തിന്നണം, പഠിച്ച് ഡോക്ടറാകണം'; അപൂർവ ജനിതക രോഗം ബാധിച്ച ഇസിയാൻ ചികിത്സ സഹായം തേടുന്നു

'ഒരു കഷ്ണം പഞ്ചസാര മിഠായി തിന്നണം, പഠിച്ച് ഡോക്ടറാകണം'; അപൂർവ ജനിതക രോഗം ബാധിച്ച ഇസിയാൻ ചികിത്സ സഹായം തേടുന്നു


കോഴിക്കോട്: അപൂർവ ജനിതക രോഗം ബാധിച്ച് കിടപ്പിലാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ 8 വയസുകാരൻ ഇസിയാൻ. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഏകവഴി മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയാണ്. ഉള്ളതെല്ലാം വിറ്റ് ഇതുവരെ ചികിത്സിപ്പിച്ച കുടുംബത്തിന് ശസ്ത്രക്രിയയുടെ ചെലവ് താങ്ങാവുന്നതിലേറെയാണ്.

അഞ്ച് വയസ് വരെ ചുറുചുറക്കോടെ ഓടിക്കളിച്ചുനടന്ന മിടുക്കനായിരുന്നു ഇസിയാൻ. ഒരു മിനിറ്റ് പോലും അടങ്ങിയിരിക്കാത്ത വലുതായാൽ ഡോക്ടറാകണമെന്ന് ഉപ്പയോട് പറയാറുള്ള ഇസിയാന് ഇപ്പോള്‍ ഒറ്റ ആഗ്രഹമേയുള്ളൂ, ഒരു കഷ്ണം പഞ്ചസാര മിഠായി തിന്നണം. മൂന്ന് വർഷമായി ചികിത്സ തുടരുകയാണ്. ചികിത്സക്കിടെ ഇസിയാന് ശബ്ദവും നഷ്ടമായി. പ്രതിരോധ ശേഷി ഇല്ലാതാകുന്ന അപൂർവ്വ ജനിതക രോഗം ഓരോ ദിവസവും അവനെ അവശനാക്കിക്കൊണ്ടേയിരിക്കുകയാണ്. 

വയറുവേദനയായിരുന്നു ആദ്യം. പിന്നെ സ്ഥിരമായ അണുബാധ, ഭക്ഷണം ഇറക്കാനാവായ്ക, ന്യൂമോണിയ എന്നിങ്ങനെ തുടർച്ചയായി അസുഖങ്ങൾ. വിദേശത്ത് ജോലി ചെയ്തിരുന്ന ഉപ്പ അബ്ദുൾ സലാം വീടും സ്വന്തമായുണ്ടായിരുന്നതെല്ലാം വിറ്റ് മകനെ ചികിത്സിച്ചു. ചികിത്സിയ്ക്കായി ഇതുവരെ 20 ലക്ഷത്തോളം രൂപ ചെലവായി. തുടർചികിത്സയ്ക്ക് ഇനി എന്ത് ചെയ്യണമെന്ന് ഇസിയാന്റെ കുടുംബത്തിന് അറിയില്ല. 

മ‍ജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മാത്രമേ ഇസിയാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവുകയുള്ളൂ. ശസ്ത്രക്രിയയ്ക്ക് 30 ലക്ഷത്തിലധികം രൂപ ചെലവുവരും. ശസ്ത്രക്രിയയെ അതിജീവിക്കാനുള്ള ആരോഗ്യസ്ഥിതിയിലേക്ക് ഇസിയാനെത്തിയാലുടൻ അതിലേക്ക് കടക്കാമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്. എന്നിട്ട് വേണം ഇസിയാന് നിറയെ പഞ്ചസാര മിഠായി തിന്നാൻ, ഇനിയും ഡാൻസ് കളിക്കാൻ, നീന്താൻ, പഠിച്ച് വലുതായി ഡോക്ടറാകാൻ... സുമനസുകളുടെ സഹായം തേടുകയാണ് ഇസിയാന