
ദില്ലി: ട്രൂ കോളറുമായി സഹകരിച്ച് വോഡഫോൺ ഐഡിയ. ഉപയോക്താക്കൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ജൂലൈ 13 നാണ്. ഉപഭോക്തൃ സേവന തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ തടയുക, വിശ്വസനീയമായ ആശയവിനിമയം ഉറപ്പുവരുത്തുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം.
കസ്റ്റമർ സർവീസ് തട്ടിപ്പുകളുടെ എണ്ണം ഈയിടെയായി വർധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്പാം കോളുകൾ തിരിച്ചറിയുന്നതിന് ഉപയോക്താക്കളെ സഹായിക്കാനാണ് ടെലികോം കമ്പനി ട്രൂകോളറുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. കൂടാതെ, ട്രൂകോളർമാർ ഇതിനകം തന്നെ പരിശോധിച്ചുറപ്പിച്ച ബിസിനസ്സ് സൊല്യൂഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ട്രൂകോളറിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. തങ്ങൾക്ക് 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോഞ്ച് ചെയ്‌തതിനുശേഷം ഇത് ഒരു ബില്യണിലധികം തവണ ആളുകൾ ഡൗൺലോഡ് ചെയ്‌തുവെന്നും 2021-ൽ ഏകദേശം 50 ബില്യൺ അനാവശ്യ കോളുകൾ കണ്ടെത്തി കമ്പനി ബ്ലോക്ക് ചെയ്‌തുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസമാണ് പുതിയ കോൾ റെക്കോഡിങ് ഫീച്ചറുമായി ട്രൂകോളർ എത്തിയത്. ഗൂഗിളും ആപ്പിളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കോൾ റെക്കോർഡിങ് ഫീച്ചർ ട്രൂകോളർ നീക്കം ചെയ്തിരുന്നു. ഈ ഫീച്ചർ സൗജന്യമല്ല. നിലവിൽ യുഎസിലാണ് ഇത് ലഭ്യമാവുക. 350 ദശലക്ഷത്തോളം വരുന്ന സജീവ ഉപയോക്താക്കൾക്കായാണ് എഐ പവർഡ് കോൾ റെക്കോർഡിങ് ഫീച്ചർ ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്.
കോൾ റെക്കോർഡിങ് കൂടാതെ, പ്ലാറ്റ്‌ഫോം നിങ്ങളുടെ കോളുകളെ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലേക്കും ട്രാൻസലേറ്റ് ചെയ്യും. ഒരു പ്രധാന മീറ്റിംഗിലോ മറ്റെന്തെങ്കിലുമോ പങ്കെടുക്കുമ്പോൾ ഇത് ഗുണം ചെയ്യും. ചർച്ച ചെയ്യപ്പെടുന്നതെല്ലാം ട്രാൻസ്‌ക്രൈബ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.
ഫീച്ചറിലിപ്പോൾ ഇപ്പോൾ ഇംഗ്ലീഷ് മാത്രമാണ് സപ്പോർട്ട് ചെയ്യുന്നത്. ഈ ഫീച്ചറുകൾ ആപ്പിന്റെ പ്രീമിയം പതിപ്പ് ഉപയോഗിക്കുന്നവർക്കും യുഎസിലുള്ളവർക്കും മാത്രമേ ലഭ്യമാകൂ. വരും മാസങ്ങളിലോ ആഴ്ചകളിലോ ഇന്ത്യ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.