നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ കണ്ണൂർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽനാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ  കണ്ണൂർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ


കോഴിക്കോട് : നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വച്ചാണ് ഇരുവരെയും പിടികൂടിയത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ് ഇരുവരും ആക്രമിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി ചികിത്സ തേടിയെത്തിയ ഇവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തത്. വയനാട്ടിൽ നിന്നുളളവരെന്ന് പറഞ്ഞ് ചികിത്സ തേടിയെത്തിവർക്കൊപ്പമുണ്ടായിരുന്ന ആളുകളായിരുന്നു ഡോക്ടറെ കയ്യേറ്റം ചെയ്തത്. ചെവിക്ക് അസ്വസ്ഥതയുളള ആളുമായി ചികിത്സ തേടിയെത്തിസംഘം, പരിശോധിച്ച് മരുന്ന് നൽകിയപ്പോൾ കൂടെയുളള ആളിനും അസുഖമുണ്ടെന്നും മരുന്ന് വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി ആശുപത്രി ജീവനക്കാരുമായി കയർക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്. മർദ്ദനം, അസഭ്യവർഷം തുടങ്ങിയ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തത്. വന്നയാളുകളുടെ കൃത്യമായ മേൽവിലാസം ആശുപത്രി രജിസ്റ്ററിലില്ലായിരുന്നതിനാലാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളിലേക്ക് എത്തിയത്.