പേരാവൂർ ബൈപ്പാസ് റോഡിന്റെ അതിരടയാളപ്പെടുത്തലും കല്ലുകൾ സ്ഥാപിക്കുന്നതും നിർത്തിവെച്ചു

പേരാവൂർ: മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ പേരാവൂർ ബൈപ്പാസ് റോഡിന്റെ അതിരടയാളപ്പെടുത്തലും കല്ലുകൾ സ്ഥാപിക്കുന്നതും താത്കാലികമായി നിർത്തിവെച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി പേരാവൂർ തെരു ഗണപതി ക്ഷേത്രം പൂർണമായും ഇല്ലാതാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് അതിരടയാളപ്പെടുത്തുന്ന പ്രവൃത്തി താത്കാലികമായി നിർത്തി വെച്ചത്. ക്ഷേത്രക്കമ്മിറ്റിയും കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരും തമ്മിൽ ധാരണയിലെത്തിയ ശേഷമേ പ്രവൃത്തി പുനരാരംഭിക്കുകയുള്ളൂ.

തെരു ഗണപതി ക്ഷേത്രം ഒഴിവാക്കി ബൈപ്പാസ് നിർമിക്കണമെന്നാണ് ക്ഷേത്രക്കമ്മിറ്റിയുടെയും ഭക്തരുടെയും ആവശ്യം. നിലവിലെ അലൈന്മെന്റ് മാറ്റി ക്ഷേത്രം പൂർണമായും ഒഴിവാക്കി ബൈപ്പാസ് നിർമിക്കാൻ കഴിയുമെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ഈ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ച് ക്ഷേത്രം ഒഴിവാക്കിയുള്ള അലൈന്മെന്റുണ്ടാക്കി നാലുവരിപ്പാത യാഥാർഥ്യമാക്കണമെന്നാണ് റോഡ് വികസനമാഗ്രഹിക്കുന്നവർ ആവശ്യപ്പെടുന്നത്.
റോഡ് വികസനത്തിന് തങ്ങൾ എതിരല്ലെന്നും ക്ഷേത്രം ഒഴിവാക്കി പുതിയ അലൈന്മെന്റ് വേണമെന്നുമാണ് ക്ഷേത്രക്കമ്മിറ്റിയുടെയും അവശ്യാം.