കുഞ്ഞൂഞ്ഞ് ഇല്ലാത്ത ആദ്യ ഞായർ; വിങ്ങി പുതുപ്പള്ളിക്കാർ, കല്ലറയിലേക്ക് ജനപ്രവാഹം

കുഞ്ഞൂഞ്ഞ് ഇല്ലാത്ത ആദ്യ ഞായർ; വിങ്ങി പുതുപ്പള്ളിക്കാർ, കല്ലറയിലേക്ക് ജനപ്രവാഹം

കോട്ടയം ∙ പുതുപ്പള്ളിക്കാർക്ക് ഇന്ന് ‘ദുഃഖ ഞായർ’ ആയിരുന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഇല്ലാത്ത ഒരു ഞായറാഴ്ച എന്നത് പുതുപ്പള്ളി പള്ളിയിലെ ഇടവകക്കാർക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനായിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ച, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ നിരവധിപ്പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തുന്നത്. മെഴുകുതിരികളും പൂക്കളുമായി എത്തുന്ന അവരെ പ്രിയ നേതാവിന്റെ ശൂന്യത വല്ലാതെ അലട്ടുന്നു.

1980ലാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റുന്നത്. അന്നു പുതുപ്പള്ളിക്കാർക്കു കൊടുത്ത വാക്കാണ് എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിൽ എത്തുമെന്നത്. 40 വർഷം മുടങ്ങാതെ ആ പതിവ് തുടർന്നു. പുതുപ്പള്ളിയെന്ന നാട് ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നെങ്കിൽ പുതുപ്പള്ളി പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ എക്കാലവും ഉമ്മൻ ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച പുലർച്ചെ പുതുപ്പള്ളി പള്ളിയിൽ കുർബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം.ദേവാലയത്തിൽ എത്തുമ്പോൾ ഉമ്മൻ ചാണ്ടിക്കു മുഖ്യമന്ത്രിയുടെയോ എംഎൽഎയുടെയോ രാഷ്ട്രീയക്കാരന്റെയോ മേൽവിലാസം ഇല്ലായിരുന്നു. തീർത്തും സാധാരണക്കാരൻ. പള്ളിയുടെ പിൻഭാഗത്തെയോ വശത്തെയോ വാതിലിനോടു ചേർന്നാണു നിന്നിരുന്നത്. പള്ളിയുടെ നടയിൽ ഉമ്മൻ ചാണ്ടി ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പല തവണ പ്രചരിച്ചിരുന്നു. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലും തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിലും പള്ളിയിലോ പള്ളിക്കു മുന്നിലെ കുരിശിൻചുവട്ടിലോ എത്തി പ്രാർഥിക്കുന്നതു പതിവാണ്.

കഴിഞ്ഞ വർഷം നവംബർ രണ്ടിനു ബുധനാഴ്ചയാണ് ഉമ്മൻചാണ്ടി അവസാനമായി ഇവിടെ പ്രാർഥിക്കാനെത്തിയത്. ജർമനിയിലേക്കു ചികിത്സയ്ക്കു പോകുന്നതിനു മുൻപായിരുന്നു ആ വരവ്. ഒക്ടോബർ 31ന് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. പിറന്നാൾ ദിനത്തിൽ പുതുപ്പള്ളി പള്ളിയിലെത്തുന്ന പതിവുണ്ട്. അന്നു പള്ളിയിൽ പോകാൻ കഴിയാതിരുന്നതുകൊണ്ടു കൂടിയാണു നവംബർ രണ്ടിന് എത്തിയത്.

പുതുപ്പള്ളി പള്ളിക്കും നാടിനും നൽകിയ സേവനത്തിനും നല്ല നിമിഷങ്ങൾക്കുമുള്ള ആദരസൂചകമായി ഉമ്മൻ ചാണ്ടിക്ക് പള്ളിയിൽ പ്രത്യേക കബറിടമാണ് ഒരുക്കിയത്. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മൻ ചാണ്ടിയുടെ കബറിടം. സംസ്കാര ചടങ്ങുകൾ കഴിഞ്ഞതു മുതൽ ഇവിടെ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ ജനസമ്പർക്കം അദ്ദേഹത്തിന്റെ കല്ലറയിലേക്കും നീളുന്നു.