ഇരിട്ടിയിൽ മോഷ്ടിച്ച വസ്തുക്കൾ ഒറ്റരാത്രി കൊണ്ട് തിരിച്ചെത്തി; ദുരൈസാമിയെ ഹാപ്പിയാക്കിയ കള്ളൻ...

ഇരിട്ടിയിൽ മോഷ്ടിച്ച വസ്തുക്കൾ  ഒറ്റരാത്രി കൊണ്ട് തിരിച്ചെത്തി; ദുരൈസാമിയെ ഹാപ്പിയാക്കിയ കള്ളൻ...

ഇരിട്ടി:  മോഷണമുതല്‍ ഒറ്റ രാത്രികൊണ്ട് തിരിച്ചെത്തിച്ച് മോഷ്ടാവിന്റെ നന്മ.  കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ചെരുപ്പും കുടയും നന്നാക്കുന്ന ദുരൈസാമിയുടെ പണിയായുധങ്ങള്‍ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. എന്നാല്‍ മോഷണ മുതൽ കള്ളൻ അതേ സ്ഥലത്ത്  തിരികെവച്ചു. ഇതോടെ ജീവിതം പ്രതിസന്ധിയിലായ ദുരൈസാമി ഇപ്പോൾ ഹാപ്പിയാണ്. പണിയായുധങ്ങൾ മോഷണം പോയപ്പോൾ ആശങ്കപ്പെട്ടെന്നും കാൽ സുഖമില്ലാത്തതിനാൽ വേറെ ജൊലിക്ക് പോകാനാകില്ലെന്നും ദുരൈസാമി പറഞ്ഞു. ഉളി, കട്ടിങ് സാധനങ്ങൾ തുടങ്ങി എല്ലാം മോഷ്ടാവ് കൊണ്ടുപോയിരുന്നു. 

ഇരിട്ടി ടൗണിലെ ആൽച്ചുവട്ടിൽ ഒരു ഷീറ്റ് വലിച്ചുകെട്ടി ഒരു വർഷമായി ദുരൈസ്വാമിയുണ്ട്. ചെരുപ്പും കുടയും നന്നാക്കും. താമസം പുഴ പുറമ്പോക്കിലെ ചെറിയ ഷെഡിൽ ഭാര്യക്കൊപ്പം. പതിവുപോലെ വ്യാഴാഴ്ച കടതുറന്നപ്പോഴാണ് പണിയായുധങ്ങളെല്ലാം മോഷണം പോയതറിയുന്നത്. സമീപത്തെ കച്ചവടക്കാരുടെ സഹായത്തോടെ ഇരിട്ടി പൊലീസില്‍ പരാതി നല്‍കി. ഇനി എന്ത് ചെയ്യുമെന്നറിയാതെ ഒരു രാത്രിയും പകലും കഴിഞ്ഞു.

അടുത്ത ദിവസം കടതുറന്ന ദുരൈസാമിക്ക് മുന്നിലൊരു പൊതിയെത്തി. എല്ലാം ഭദ്രം. ഉളിയും സ്പാനറും ചുറ്റികയുമെല്ലാം പൊതിയിലുണ്ട്. മോഷ്ടിച്ചെടുത്ത ജീവിതം തിരികെ തന്നതിന് ദുരൈസാമി കള്ളനോട് നന്ദി പറഞ്ഞു.