സ്പീക്കർ എ.എൻ. ഷംസീറിനെതിരെ എല്ലാ പൊലീസ് സ്റ്റേഷനിലും പരാതി; പുറത്താക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം

സ്പീക്കർ എ.എൻ. ഷംസീറിനെതിരെ എല്ലാ പൊലീസ് സ്റ്റേഷനിലും പരാതി; പുറത്താക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം

തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തെ അവഹേളിക്കുകയും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിക്കുകയും ചെയ്തെന്ന ആരോപണത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചു. പാലക്കാട് നോർത്ത് ഉൾപ്പെടെ പലയിടത്തും ഇന്നലെ പരാതി നൽകി.

ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും.



 പൊറുക്കാൻ കഴിയാത്ത തെറ്റാണ് സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ പറഞ്ഞു. എ എൻ ഷംസീർ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് ആണ് കമ്മീഷണർക്ക് പരാതി നൽകിയത്.

21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി -സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം.

ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് സ്പീക്കർ കുറ്റപ്പെടുത്തിയത്. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്നു സ്ഥാപിക്കുകയാണു ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പകവിമാനമെന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് സ്പീക്കർ പരാമർശിച്ചിരുന്നു.