കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഇരിട്ടി സ്വദേശിനി മരിച്ചു ; 49 പേർക്ക് പരിക്ക്

കോട്ടയം കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്.
ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. അപകട കാരണം വ്യക്തമല്ലെങ്കിലും ഡ്രൈവർ ഉറങ്ങിപോയതാകാം കാരണം എന്നാണ് ഇപ്പോൾ ലഭിക്കുന്ന പ്രാഥമിക നിഗമനം.
ഇരിട്ടിയിൽനിന്നും വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം , കന്യാകുമാരി യാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം. രണ്ട് ഡ്രൈവർമാർ അടക്കം 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്കെല്ലാം പരിക്കേറ്റു. 45 പേർ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ 18 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് പേരുടെ നില ഗുരുതരമാണ്.
