
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ വാൽമുട്ടി സ്വദേശി ജയകൃഷ്ണനെയാണ് ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ജയകൃഷ്ണൻ വായ്പ്പ എടുത്തിരുന്നു. ആഴ്ച്ചയിൽ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ചിറ്റൂരിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് ജയകൃഷ്ണൻ വായ്പ്പയെടുത്തിരുന്നത്.
മൈക്രോ ഫൈനാൻസ്കാർക്ക് തുക നൽകുന്നതിനായി ഭാര്യ സഹോദരന്മാരെ ബന്ധപ്പെട്ടിരുന്നു. ഇവർ തുകയുമായി വാൽമുട്ടിയിലെ വീട്ടിലെത്തിയെങ്കിലും വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് ഓടിളക്കി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സിപിഐ എം, ഡിവൈഎഫ് ഐ പ്രവർത്തകർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ചിറ്റൂർ പൊലീസും സ്ഥലത്തെത്തി സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു.
അതേസമയം, ആലപ്പുഴയിൽ നിന്നാണ് മറ്റൊരു മരണ വാർത്ത. കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകനെ ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊന്നു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു നാലംഗ ക്രിമിനൽ കൊട്ടേഷൻ സംഘം നടുറോഡിൽ വെട്ടിക്കൊന്നത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേൽപ്പിക്കുകയായിരുന്നു.
അക്രമത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ അമ്പാടിയുടെ കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് വിശദീകരിച്ചു.