മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം;ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പുതിയ താത്ക്കാലിക ബാച്ചുകള്‍ക്കും അനുമതി നല്‍കി. ബാര്‍ ലൈസന്‍സ് ഫീസ് പുതുക്കുന്നതും കള്ളുഷാപ്പുകള്‍ക്ക് നക്ഷത്ര പദവി സംവിധാനം കൊണ്ടുവരുന്നത് അടക്കമുള്ളതാണ് പുതിയ നയം. ഡ്രൈ ഡേ തുടരും.
നിലവില്‍ 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. അഞ്ച് ലക്ഷം രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നല്‍കാനും തീരുമാനമായി.
ഐ.ടി പാര്‍ക്കുകളില്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നത് പരിഗണനയില്‍ വന്നിരുന്നു. എന്നാല്‍ അതില്‍ തീരുമാനം വ്യക്തമല്ല. ജൂണ്‍ മുതല്‍ കരട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും ധനവകുപ്പില്‍ നിന്നുള്ള അന്തിമ പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രിലില്‍ പുതിയ മദ്യനയം നിലവില്‍ വരേണ്ടതായിരുന്നു.
ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉല്‍പ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാര്‍ശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു.
മലബാറില്‍ പുതിയ 97 ബാച്ചുകള്‍ കൂടി അനുവദിച്ചു. ഇതോടെ 5820 സീറ്റുകള്‍ അധികമായി വരും. മലബാറില്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ പലരും ഇഷ്ടപ്പെട്ട വിഷയത്തില്‍ പ്രവേശനം ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി വാര്‍ത്ത വന്നിരുന്നു.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 എണ്ണം. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.