അസ്ഫാഖിന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ പൊലീസ് ബിഹാറിലേക്ക്

അസ്ഫാഖിന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ പൊലീസ് ബിഹാറിലേക്ക്


ആലുവയിൽ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാഖിന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അറിയാൻ അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. അന്വേഷണ സംഘത്തിലെ  മൂന്ന് പേരാണ് പോകുക. അസ്‌ഫാഖ് തനിയെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

ബിഹാർ സ്വദേശിയായ അസ്ഫാഖിന് അവിടെ വീടും സ്ഥലവും ഉണ്ടെന്ന് പൊലീസ് പറയുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ അടക്കം 9 വകുപ്പുകളാണ് അസ്ഫാഖിനെതിരെ കേരള പൊലീസ് ചുമത്തിയിരിക്കുന്നത്.

Also Read- കണ്ണീർപൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്; ‘മാപ്പ്’ വിമർശിച്ചവരോട് കേരള പൊലീസ്

അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന നിഗമനത്തിലാണ് പൊലീസ്. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5. 30 നാണെന്നാണ് പ്രതിയുടെ മൊഴി. നേരത്തെ മൊബൈൽ ഫോൺ കേസിൽ പ്രതിയായ അസ്ഫാഖ് സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അതേമയം, അഞ്ചു വയസുകാരിക്ക് കണ്ണീരോടെ കേരളം വിട നൽകി. കുട്ടിയുടെ മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. രാവിലെ തായിക്കാട്ടുകര എൽപി സ്കൂളിൽ പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ നാട്ടുകാരും സഹപാഠികളുമടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ദുഃഖം താങ്ങാനാവാതെ അലമുറയിട്ട അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല.

Also Read- ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് ആലുവയിൽ തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം മാലിന്യക്കൂമ്പാരത്തിനിടയില്‍ നിന്ന് കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച്ച കുട്ടിയെ തട്ടിക്കൊണ്ടുപോയ അസ്ഫാഖിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയെങ്കിലും കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്താനായില്ല.

ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശിയുടെ മകളാണ് കൊല്ലപ്പെട്ടത്. ഇതേ കെട്ടിടത്തിൽ രണ്ട് ദിവസം മുൻപാണ് ബിഹാർ സ്വദേശിയായ അസ്ഫാഖ് താമസിക്കാനെത്തിയത്.