കാശ്മീരിൽ അവധിക്ക് എത്തിയ സൈനികനെ കാണാതായി; ദുരൂഹമായി കാറിൽ രക്തക്കറകാശ്മീരിൽ അവധിക്ക് എത്തിയ സൈനികനെ കാണാതായി; ദുരൂഹമായി കാറിൽ രക്തക്കറ


കശ്മീരിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ സൈനികനായുള്ള തിരച്ചിൽ തുടരുന്നു. കശ്മീരിലെ കുൽഗാം ഏരിയയിൽ നിന്നാണ് അവധിക്ക് നാട്ടിലെത്തി ജാവേദ് അഹമ്മദ് വാനി എന്ന സൈനികനെ കാണാതായത്. ഇദ്ദേഹത്തിന‍്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിൽ രക്തക്കറ കണ്ടതോടെയാണ് ദുരൂഹതയേറിയത്.

അവധി കഴിഞ്ഞ് ഇന്ന് ലേയിൽ ഇന്ന് ജോലിക്ക് തിരിച്ചു കയറേണ്ടതായിരുന്നു. സൈനികനെ കാണാതായതാണോ തട്ടിക്കൊണ്ടുപോയതാണോ എന്നതിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ലേ-ലഡാക്കിലായിരുന്ന ജാവേദ് അഹമ്മദ് അവധിക്ക് സ്വന്തം നാട്ടിലെത്തിയതായിരുന്നു. ഇന്ന് അവധി കഴിഞ്ഞ് തിരിച്ചു പോകാനിരിക്കേയാണ് ശനിയാഴ്ച്ച കാണാതാകുന്നത്.

ശനിയാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും മാർക്കറ്റിലേക്ക് പോയതായിരുന്നു. ഏറെ വൈകിയിട്ടും ജാവേദ് മടങ്ങി വരാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. തിരച്ചിലിൽ മാർക്കറ്റിന് സമീപം ജാവേദ് സഞ്ചരിച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിൽ നിന്നും ജാവേദ് ധരിച്ചിരുന്ന ചെരുപ്പുകളിലൊന്നും മാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങളും കണ്ടെത്തി. കൂടാതെ, രക്തക്കറയും ഉണ്ടായിരുന്നു. കാർ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ജാവേദിനെ കണ്ടെത്താനായി സൈന്യവും പൊലീസും ആരംഭിച്ച അന്വേഷണം തുടരുകയാണ്. പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടക്കുന്നുണ്ട്. പ്രദേശത്തെ ചിലരെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.