ലോക്കല്‍ റൂട്ടല്ല, കോഴിക്കോട്-കണ്ണൂര്‍ ഹൈവേയിലും മിന്നും ഡ്രൈവറാണ് അനുഗ്രഹ; കണ്ണൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവർ



അണ്‍ ലിമിറ്റഡ് ആണ് അനുഗ്രഹയുടെ ഡ്രൈവിങ് ആഗ്രഹങ്ങള്‍. ബൈക്കും കാറും മിനി ബസും ഓടിച്ച കൈയില്‍ ഇപ്പോള്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ വളയമാണ്.

തിരക്കുള്ള കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ അഞ്ചുദിവസമായി സാഗര ബസ് മിന്നിച്ചോടിക്കുകയാണ് മേപ്പയ്യൂര്‍ സ്വദേശിയായ അനുഗ്രഹ. ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദക്കാരിയായ അനുഗ്രഹയ്ക്ക് പക്ഷേ, ഇഷ്ടം ഡ്രൈവിങ്. പേരാമ്ബ്ര-വടകര ലോക്കല്‍ റൂട്ടിലെ നോവ ബസില്‍നിന്ന് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സാഗര ബസിന്റെ സാരഥിയാക്കിയതും ഈ ഇഷ്ടമാണ്. തിരക്കിലൂടെ തട്ടാതെ മുട്ടാതെ സമയത്തിന് ഓടിയെത്തുന്ന വനിതാ ഡ്രൈവര്‍ 'മാസാ'ണെന്ന് പുരുഷ ഡ്രൈവര്‍മാരും സമ്മതിക്കുന്നു. മേപ്പയ്യൂരിലെ മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് സി.എം.അനുഗ്രഹ (24).


അച്ഛൻ മുരളീധരന്റെ കൈപിടിച്ചാണ് ഡ്രൈവിങ്ങിനെ ബെസ്റ്റ് ഫ്രണ്ടാക്കിയത്. കുടുംബത്തില്‍ അച്ഛനെക്കൂടാതെ മുത്തച്ഛനും അമ്മാവനും ഡ്രൈവര്‍മാരായിരുന്നു. 18-ാം വയസ്സില്‍ ഫോര്‍വീലര്‍ ലൈസൻസ് നേടി. കൊച്ചിയിലെ പഠനത്തിനിടയിലും വളയം വിട്ടില്ല. കഴിഞ്ഞ ജൂണില്‍ ഹെവി ലൈസൻസ് ലഭിച്ചു. ജൂണ്‍മാസം മുതല്‍ നോവ ബസില്‍ ഈ മിടുക്കി ഡ്രൈവറായി.



വിദേശത്തുള്ള അച്ഛന്റെ സമ്മതം കൂടി ലഭിച്ചപ്പോള്‍ ദീര്‍ഘദൂര ഡ്രൈവിങ് വളയം കൈയിലെത്തി. സഹോദരി അഞ്ജലിയും പ്രോത്സാഹിപ്പിച്ചു. വളവിലും തിരിവിലും പതറാതെ സ്റ്റിയറിങ് പിടിക്കാൻ പഠിപ്പിച്ച മുഹമ്മദും സാഗര ബസിലെ അഖിലും വഴികാട്ടികളായി.


കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് ബസിന് രണ്ട് ട്രിപ്പുകളാണുള്ളത്. രാവിലെ ഏഴിന് വടകരയില്‍നിന്ന് കയറും. രാത്രി ഏഴോടെ വീട്ടിലെത്തും. വിദേശത്ത് ജോലിയാണ് ലക്ഷ്യം. അവിടെയും വണ്ടി ഓടിക്കണം -അനുഗ്രഹ പറയുന്നു.