..
ഉമ്മന്‍ചാണ്ടി എന്ന തുറന്ന പുസ്തകം, 'തൂവെള്ള വസ്ത്രം' പോലൊരു പൊതുജീവിതം ; പാമോലിന്‍, സോളാര്‍, ട്രെയിന്‍യാത്ര, ടൈറ്റാനിയം, പാറ്റൂര്‍കേസ് ; ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തിയ ജനകീയന്‍
അന്ന് യു.ഡി.എഫ്. കണ്‍വീനറായിരുന്ന ഉമ്മന്‍ ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും യാത്രക്കാര്‍. യാത്രയ്ക്കിടയില്‍ മറിയാമ്മയുടെ മേല്‍ചാരി ഉമ്മന്‍ ചാണ്ടി മയങ്ങി. എതിര്‍വശത്ത് ഇരുന്ന ഒരു സ്ത്രീ പക്ഷേ, സംഭവം തെറ്റിദ്ധരിച്ചു. സ്ത്രീയോട് മോശമായി പെരുമാറുന്നുവെന്നു സഹയാത്രിക പരാതിപ്പെട്ടതോടെ ടിക്കറ്റ് എക്‌സാമിനറെത്തി. ഇരുവരും ദമ്പതികളാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ പരാതി ആവിയായി.
കേരള രാഷ്ട്രീയത്തിലെ തുറന്ന പുസ്തകമായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നും ധരിച്ചിരുന്ന 'വെള്ള വസ്ത്രം' പോലെയായിരുന്നു അദ്ദേഹത്തിന്റെ പൊതുജീവിതം. എന്നാല്‍, അദ്ദേഹം ആരോപണ വിധേയനായപ്പോള്‍ ചെളി വാരിയെറിയാന്‍ എതിരാളികള്‍ മത്സരിച്ചു. പാമൊലിന്‍ കേസില്‍ തുടങ്ങി ഏറ്റവും ഒടുവിലായി സോളാര്‍ വിവാദത്തില്‍വരെ ചില ഘട്ടങ്ങളിലെങ്കിലും ജനകീയനു പ്രതിനായക വേഷമണിയേണ്ടിവന്നു.
തന്നെ ചൂഴ്ന്ന ആരോപണങ്ങളില്‍ രാഷ്ട്രീയമായി വലിയ വില കൊടുക്കേണ്ടി വന്നെങ്കിലും വിവാദങ്ങളിലും കേസുകളിലുംനിന്ന് അഗ്നിശുദ്ധി വരുത്തി പുറത്തുവന്ന ഉമ്മന്‍ ചാണ്ടിക്കായിരുന്നു എന്നും അന്തിമവിജയം. ആരോപണങ്ങളെ ചെറുപുഞ്ചിരിയോടെ നേരിട്ട പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ ഉയിര്‍പ്പിന് സാക്ഷ്യം വഹിച്ച അവസരങ്ങള്‍ ആ രാഷ്ട്രീയജീവിതത്തിലുണ്ട്.
പാമൊലിന്‍ കേസ്
കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെയാണ് പാമൊലിന്‍ കേസിന്റെ പിറവി. 1991-92-ല്‍ പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍നിന്ന് ഒരു സിംഗപ്പുര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നെന്നായിരുന്നു ആരോപണം.
രാജ്യാന്തരവിപണിയില്‍ 392.25 ഡോളര്‍ വിലയുണ്ടായിരിക്കെ ടണ്ണിന് 405 ഡോളര്‍ നിരക്കില്‍ 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ ക്യാബിനറ്റിന്റെ അംഗീകാരത്തോടെ തീരുമാനിച്ചെന്നായിരുന്നു പ്രധാന ആരോപണം. ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കേസിലെ 23-ാം സാക്ഷിയായിരുന്നു. ഇടപാടില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം നടത്താന്‍ 2011-ല്‍ പ്രത്യേക കോടതി ഉത്തരവിട്ടു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കായിരുന്നു വിജിലന്‍സിന്റെയും ചുമതല. പിന്നാലെ അദ്ദേഹം വിജിലന്‍സ് വകുപ്പൊഴിഞ്ഞു. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.
സോളാര്‍ വിവാദം
ആറുപതിറ്റാണ്ടിലധികം നീണ്ട ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു സോളാര്‍ വിവാദം. ആരോപണങ്ങളുടെ 'കുത്ത്' ഏല്‍ക്കേണ്ടിവന്നപ്പോഴെല്ലാം 'സത്യം ഒരുനാള്‍ പുറത്തുവരും' എന്നായിരുന്നു മറുപടി. സ്വന്തം പാര്‍ട്ടിയില്‍നിന്നുവരെ എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോഴും മനഃസാക്ഷിയെ മുറുകെപ്പിടിച്ച് അദ്ദേഹം 'സോളര്‍ ചൂടി' നെ പ്രതിരോധിച്ചു.
2011 ലെ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തില്‍ വരുന്നു. മുഖ്യമന്ത്രിപദത്തില്‍ ഉമ്മന്‍ ചാണ്ടി. മന്ത്രിസഭ അധികാരമേറ്റശേഷം നടന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. വന്‍ വിജയം നേടി. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ അദ്ദേഹത്തിന്റെയും മന്ത്രിസഭയുടെയും ജനപ്രീതി ഉയര്‍ത്തി. മറുഭാഗത്ത് സി.പി.എം. തുടര്‍ തെരഞ്ഞെടുപ്പ് തോല്‍വികളിലും ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലും പാര്‍ട്ടിയിലെ വിഭാഗീയതയിലും നട്ടം തിരിഞ്ഞകാലം. ഈ ഘട്ടത്തിലാണ് സോളാര്‍ വിവാദം പൊട്ടിവീഴുന്നത്.
സോളര്‍ കത്തിത്തുടങ്ങിയതോടെ തട്ടിപ്പുകാരിയുമായുള്ള മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധവും ചില എം.എല്‍.എമാരുടെ ഫോണ്‍വിളിയുമെല്ലാം തലവേദനയായി. 2012 ഓഗസ്റ്റ് 19 ന് ക്ലിഫ് ഹൗസില്‍വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി വലിയ കോളിളക്കമുണ്ടാക്കി. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സെക്രട്ടേറിയേറ്റ് വളഞ്ഞപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനും അതേ കമ്മിഷനു മുന്നില്‍ 14 മണിക്കൂര്‍ ചോദ്യങ്ങളെ നേരിടാനും ഉമ്മന്‍ ചാണ്ടി ഒരു മടിയും കാണിച്ചില്ല.
ക്രൈംബ്രാഞ്ച് കേസെടുത്തപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കണമെന്ന നിര്‍ദേശം അദ്ദേഹം നിരാകരിച്ചു. അറസ്റ്റിനെ എതിര്‍ക്കില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ കോടതിയെ സമീപിക്കണമെന്ന നിര്‍ദേശവും സ്വീകരിച്ചില്ല. ഒന്നും ഒളിക്കാനില്ലെന്നും ഏത് നിയമനടപടിയെയും നേരിടാനും തയാറാണെന്നുമായിരുന്നു നിലപാട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിവൊന്നും ലഭിക്കാതിരുന്നിട്ടും കേസ് സി.ബി.ഐക്ക് െകെമാറി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ സോളാര്‍ വീണ്ടും തെരഞ്ഞെടുപ്പ് ആയുധമാക്കി. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ് നല്‍കി കേസ് സി.ബി.ഐ. അവസാനിപ്പിക്കുമ്പോള്‍ വിജയിച്ചത് കുഞ്ഞൂഞ്ഞിന്റെ മനഃസാക്ഷിക്കോടതിയിലെ വിധിതന്നെ.
ട്രെയിന്‍യാത്രാ വിവാദം
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു പ്രതിസന്ധിയായിരുന്നു ട്രെയിന്‍യാത്രാ വിവാദം. 2004 മാര്‍ച്ച് ഏഴിന് തിരുവനന്തപുരം-തൃശൂര്‍ അമൃത എക്‌സ്പ്രസിലെ എ.സി. കോച്ചില്‍ അന്ന് യു.ഡി.എഫ്. കണ്‍വീനറായിരുന്ന ഉമ്മന്‍ ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും യാത്രക്കാര്‍. യാത്രയ്ക്കിടയില്‍ മറിയാമ്മയുടെ മേല്‍ചാരി ഉമ്മന്‍ ചാണ്ടി മയങ്ങി. എതിര്‍വശത്ത് ഇരുന്ന ഒരു സ്ത്രീ പക്ഷേ, സംഭവം തെറ്റിദ്ധരിച്ചു.
സ്ത്രീയോട് മോശമായി പെരുമാറുന്നുവെന്നു സഹയാത്രിക പരാതിപ്പെട്ടതോടെ ടിക്കറ്റ് എക്‌സാമിനറെത്തി. ഇരുവരും ദമ്പതികളാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ പരാതി ആവിയായി. പക്ഷേ, രാഷ്ട്രീയ എതിരാളികള്‍ സംഭവം 'മസാല' ചേര്‍ത്ത് വിളമ്പി. ഭാര്യയോടൊപ്പം സഞ്ചരിച്ചതിനെ മറ്റുതരത്തില്‍ ചിത്രീകരിച്ചത് ഒരുഘട്ടത്തില്‍ തളര്‍ത്തിയെങ്കിലും പിന്നീട് മാനസികമായി തന്നെ കരുത്തനാക്കിയതിനു പിന്നില്‍ ഈ സംഭവമായിരുന്നെന്ന് ഉമ്മന്‍ ചാണ്ടിതന്നെ പറഞ്ഞിട്ടുണ്ട്.
ടൈറ്റാനിയം, പാറ്റൂര്‍ കേസ്
ടൈറ്റാനിയം കേസിലും പാറ്റൂര്‍ ഭൂമി കേസിലും ഉമ്മന്‍ ചാണ്ടി ആരോപണവര്‍ഷം നേരിട്ടിട്ടുണ്ട്. ആദ്യം മുഖ്യമന്ത്രിയായിരുന്ന 2004-2006 കാലത്തായിരുന്നു ടൈറ്റാനിയം കേസ്. ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഫിന്‍ലന്‍ഡ് കമ്പനിയായ ഇക്കോ പ്ലാനിങ്ങുമായി കരാര്‍ ഒപ്പുവച്ചിരുന്നു. 256 കോടിയുടെ കരാറില്‍ 86 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കേസില്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു ഒന്നാം പ്രതി.
തിരുവനന്തപുരം പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഫ്‌ളാറ്റ് കമ്പനിക്കു കൂട്ടുനില്‍ക്കുകയും അതിനുവേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നായിരുന്നു പാറ്റൂര്‍ ഭൂമി കേസ്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സര്‍ക്കാര്‍ ഭൂമിയിലെ സീവേജ് പൈപ്പ്‌ലൈന്‍ മാറ്റി വ്യക്തിയെ സഹായിച്ചെന്നും ആരോപണം ഉയര്‍ന്നു. കേസില്‍ നാലാം പ്രതിയായിരുന്നു ഉമ്മന്‍ ചാണ്ടി. അഞ്ചു പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് െഹെക്കോടതി പിന്നീട് റദ്ദാക്കി.