കൊടകര കുഴൽപ്പണക്കേസ് പ്രതിയിൽ നിന്ന് സംഭാവന വാങ്ങി, ബിജെപിയിൽ വിവാദം, പൊട്ടിത്തെറി; അതൃപ്തിയുമായി ഒരുവിഭാ​ഗം




കൊടകര കുഴൽപ്പണക്കേസ് പ്രതിയിൽ നിന്ന് സംഭാവന വാങ്ങി, ബിജെപിയിൽ വിവാദം, പൊട്ടിത്തെറി; അതൃപ്തിയുമായി ഒരുവിഭാ​ഗം

കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിലെ പ്രതി എ കെ ധർമ്മരാജനിൽ നിന്ന് സംഭാവന വാങ്ങിയതിനെച്ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. അന്തരിച്ച യുവമോർച്ച കോഴിക്കോട് മുൻ ജില്ല പ്രസിഡന്‍റിന്‍റെ കുടുംബസഹായ നിധിയിലേക്ക് 50,000 രൂപ സംഭവനയായി ധ‍ർമ്മരാജനിൽ നിന്ന് വാങ്ങിയതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം നേതാക്കൾ ധനസമാഹരണ കൂട്ടായ്മയ ബഹിഷ്കരിച്ചു. കുടുംബസഹായ നിധിയുടെ പേരിൽ ഔദ്യോഗിക പക്ഷം ധർമ്മരാജനിലൂ‍ടെ കള്ളപ്പണം വെളുപ്പിക്കുന്നെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.

കഴിഞ്ഞമാസം 21നാണ് യുവമോർച്ച കോഴിക്കോട് മുൻ ജില്ലാ പ്രസിന്‍റ് കെ കെ രാജൻ അന്തരിച്ചത്. കുടുംബാംഗങ്ങളെ സഹായിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തിൽ കെ കെ രാജൻ സൗഹൃദ കൂട്ടായമ എന്ന വാട്സ് ആപ് ഗ്രൂപ്പ് വഴി ഫണ്ട് ശേഖരണവും തുടങ്ങി. ഇതിലേക്കാണ് ധർമ്മജൻ 50,000 രൂപ സംഭവാന നൽകിയതായി സംസ്ഥാന നേതാക്കൾ തന്നെ അറിയിച്ചത്. ഇതോടെയാണ് പി കെ കൃഷ്ണദാസ് ഉൾപ്പെടെയുളള ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും ഗ്രൂപ്പിൽ നിന്ന് സ്വമേധയാ പുറത്തുപോയത്.

പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കൊടകര സംഭവത്തിലെ പ്രതിയിൽ നിന്ന് പണം വാങ്ങിയത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന വിമർശനത്തോടെയാണ് ഇവർ ഗ്രൂപ്പിൽ നിന്ന് പുറത്തുവന്നത്. തുടർന്ന് ഇവർ സ്വന്തം നിലയിൽ ഫണ്ട് സ്വരൂപിച്ച് മൂന്നുലക്ഷം രൂപ ജൂൺ 28ന് രാജന്‍റെ കുടുംബത്തിന് കൈമാറി. കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസുമാണ് തുക കൈമാറിയത്.