ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്തു, നടപടി മന്ത്രിയുടെ നിർദ്ദേശപ്രകാരം


ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്തു, നടപടി മന്ത്രിയുടെ നിർദ്ദേശപ്രകാരം


പത്തനംതിട്ട: പത്തനംതിട്ട ഇടയാറൻമുളയിൽ വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിൽ അറസ്റ്റിലാണ് അധ്യാപകനിപ്പോള്‍. പത്തനംതി‍ട്ട ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂളിലെ അധ്യാപകൻ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കണക്ക് ചെയ്യാത്തതിൽ പ്രകോപിതനായി അധ്യാപകൻ ഇരുകൈത്തണ്ടയിലും അടിച്ചെന്നാണ് പരാതി. കുട്ടിയുടെ മുത്തശ്ശിയാണ് ഇന്നലെ ആറന്മുള പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വിശദമായ മൊഴി  രേഖപ്പെടുത്തി. ഗണിതശാസത്ര അധ്യാപകനാണ് ബിനു. ആകെ രണ്ട് കുട്ടികളാണ് ക്ലാസിലുള്ളത്. ഇതിൽ മർദ്ദനമേറ്റ വിദ്യാർത്ഥി മാത്രമാണ് സംഭവ ദിവസം ക്ലാസിലുണ്ടായിരുന്നത്. അധ്യാപകൻ നൽകിയ കണക്കുകൾ ചെയ്യാൻ അറിയില്ലെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞതാണ് അടിക്കാന്‍ പ്രകോപനമായത്. ഇരുകൈകളിലും അധ്യാപകൻ തുടരെ അടിച്ചെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടതോടെ ജുവനൈൽ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.