ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ജിം ഉടമ അറസ്റ്റിൽ




ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ജിം ഉടമ അറസ്റ്റിൽ

ന്യൂഡൽഹി: ജിംനേഷ്യത്തിലെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഡൽഹിയിലെ രോഹിണി പ്രദേശത്താണ് സംഭവം. സക്ഷം പ്രുതി എന്ന 24കാരനാണ് ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ ജിം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

രോഹിണി സെക്ടർ 19 ലെ താമസക്കാരനായ സാക്ഷം പ്രുതി സെക്ടർ 15 ലെ ജിംപ്ലക്‌സ് ഫിറ്റ്‌നസ് സോൺ എന്ന സ്ഥാപനത്തിൽ പതിവായി പോകുമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ജിമ്മിലെ ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ സക്ഷം കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. രോഹിണി സെക്ടർ ആറിലെ ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

Also Read- മലയാളി വിദ്യാർത്ഥി മംഗളൂരുവില്‍ ബൈക്കപകടത്തിൽ മരിച്ചു

മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിൽനിന്നാണ് വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ജിം ഉടമ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നരഹത്യ, യന്ത്രസാമഗ്രികളുടെ അശ്രദ്ധമായ ഉപയോഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തിൽ എഞ്ചിനിയറായി ജോലി ചെയ്തുവരികയായിരുന്നു സക്ഷം പ്രുതി. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും എങ്ങനെയാണ് ഷോക്കേറ്റതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.