മോട്ടോർ വാഹനവകുപ്പും ഡ്രൈവിങ് സ്‌കൂളുകളും കുടുങ്ങിമോട്ടോർ വാഹനവകുപ്പും ഡ്രൈവിങ് സ്‌കൂളുകളും കുടുങ്ങി

ഡ്രൈവിങ് സ്‌കൂളുകളിലും ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും വിജിലൻസ്‌ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂർ, തലശേരി, തളിപ്പറമ്പ്‌ എന്നിവിടങ്ങളിലെ ഡ്രൈവിങ് ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും ഡ്രൈവിങ് സ്‌കൂളുകളിലുമായിരുന്നു പരിശോധന. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളടക്കം ഗുരുതര ക്രമക്കേടുകളാണ്‌ കണ്ടെത്തിയത്‌. ‘ഓപ്പറേഷൻ സ്‌റ്റെപ്പിനി’ എന്ന പേരിൽ സംസ്ഥാനവ്യാപകമായാണ്‌ പരിശോധന നടത്തിയത്.

ഡ്രൈവിങ് ടെസ്‌റ്റ്‌ കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന ക്രമക്കേടുകളാണ്‌ കണ്ടെത്തിയത്‌. കണ്ണൂരിൽ പരിശോധനാ കേന്ദ്രത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരില്ലെന്ന്‌ കണ്ടെത്തി. പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക്‌ യൂണിഫോം ഇല്ലായിരുന്നു. തകരാറായ ക്യാമറ വച്ചാണ്‌ എല്ലായിടത്തും പരിശോധന നടന്നിരുന്നത്‌. ഇത്‌ നന്നാക്കുന്നതിന്‌ അധികൃതർ നടപടിയെടുത്തില്ലെന്നും കണ്ടെത്തി. ഡ്രൈവിങ് സ്‌കൂളുകളുടെ ശുപാർശയിൽ ക്യാമറയില്ലാതെ ‘പാസ്‌’ അടിച്ചു നൽകുകയായിരുന്നു ടെസ്‌റ്റിങ് ഗ്രൗണ്ടുകളിൽ. ആർടിഒയും ജോ. ആർടിഒമാരും ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും കണ്ടെത്തി. ഡ്രൈവിങ് ടെസ്‌റ്റിന്‌ കൃത്യമായ രേഖകളില്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നതായും വ്യക്തമായിട്ടുണ്ട്‌.
15 ഡ്രൈവിങ് സ്‌കൂളുകളിലായിരുന്നു പരിശോധന. ആർടി ഓഫീസിന്‌ വിളിപ്പാടകലെ സൗത്ത്‌ ബസാറിലെ ഹുസ്‌ന ഡ്രൈവിങ് സ്‌കൂളാണ്‌ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത്‌. 2021ലാണ്‌ ഇവരുടെ ലൈസൻസ്‌ കാലാവധി കഴിഞ്ഞത്‌. രണ്ടുവർഷമായി ലൈസൻസില്ലാതെയാണ്‌ പ്രവർത്തിച്ചത്‌. മാനദണ്ഡങ്ങൾ പാലിക്കാതെയാണ്‌ മിക്ക സ്‌കൂളുകളും പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായി. ഡ്രൈവിങ് പഠനത്തിനെത്തുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്‌റ്ററുകൾ മിക്കയിടത്തും സൂക്ഷിക്കുന്നില്ല. ഇൻഷുറൻസ്‌ അടക്കാത്ത വാഹനങ്ങളടക്കം ടെസ്‌റ്റിന്‌ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഡ്രൈവിങ് സ്‌കൂളുകളിൽ ലക്‌ചറർ ഹാൾ, ഡെമോൺസ്‌ട്രേഷൻ ഹാൾ, പാർക്കിങ് ഗ്രൗണ്ട്‌ എന്നിവ ഉണ്ടാകണമെന്നാണ്‌ നിയമം. ഇത്‌ മിക്കവയും പാലിക്കുന്നില്ലെന്ന്‌ കണ്ടെത്തി. ഡ്രൈവിങ് പഠനത്തിനെത്തുന്നവർക്ക്‌ ക്ലാസ് നൽകാറില്ല. നിശ്‌ചിതയോഗ്യതയില്ലാത്തവരാണ്‌ മിക്കയിടത്തും ഇൻസ്‌ട്രക്ടർമാർ.
യോഗ്യത ഉറപ്പുവരുത്താൻ മോട്ടോർ വാഹനവകുപ്പ്‌ അധികൃതർ ഒരു ശ്രമവും നടത്താറില്ലെന്നും കണ്ടെത്തി. ഡ്രൈവിങ് പഠനത്തിന് ഡ്യുവൽ കൺട്രോൾ സംവിധാനം അനുമതിയില്ലാത്ത വാഹനങ്ങളിലും ഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. വിജിലൻസ്‌ പരിശോധനയ്‌ക്കെത്തുന്നതറിഞ്ഞ്‌ ചൊവ്വാഴ്‌ച നിരവധി ഡ്രൈവിങ് സ്‌കൂളുകൾ അടച്ചിട്ടിരുന്നു. ഇവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ പരിശോധന നടക്കും.
വിജിലൻസ്‌ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ ആർ വിനോദ്‌, എം പി അജിത്‌ കുമാർ, രാജേഷ്‌ കുമാർ എന്നിവരാണ്‌ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകിയത്‌.