കൈക്കൂലി വാങ്ങിയത് കൈയോടെ പിടികൂടി; റവന്യൂ ഉദ്യോഗസ്ഥന്‍ പണം വിഴുങ്ങി; വീഡിയോ വൈറല്‍
മധ്യപ്രദേശില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥനെ ലോകായുക്ത സ്‌പെഷ്യല്‍ പോലീസ് പിടികൂടി. എന്നാൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുന്നത് കണ്ടതോടെ ഇയാൾ പണം വിഴുങ്ങി. തെളിവ് നശിപ്പിക്കുന്നതിനായിരുന്നു ഈ ശ്രമം. റവന്യൂ ജീവനക്കാരനായ ഗജേന്ദ്ര സിംഗാണ് കൈക്കൂലി കേസില്‍ പിടിയിലായത്. സ്വകാര്യ ഓഫീസില്‍ വെച്ച് ഇയാള്‍ 4500 രൂപ കോഴ സ്വീകരിക്കുന്നതിനിടെയാണ് എസ്പിഇ സംഘമെത്തിയത്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കറന്‍സി നോട്ടുകള്‍ വായിലിട്ട് ചവച്ചുകൊണ്ടിരിക്കുന്ന സിംഗിനെയാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് ഇയാളെ പോലീസ് ഓഫീസിന് പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്. കറന്‍സി നോട്ട് വിഴുങ്ങിയ ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചിരുന്നു. ശേഷം ഡോക്ടര്‍മാരുടെ സഹായത്തോടെ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
#कटनी– अजब #एमपी के #पटवारी का गजब कारनामा, #रिश्वत लेते पकड़ाया तो नोटों को गुटखे की तरफ चबाया, पुलिस मुंह से नोट निकलवाने की करती रही कोशिश, सीमांकन के एवज में 5 हजार की #घूस पकड़ाया था पटवारी #MPnews #katni #patwari #Bribe #Lokayukta pic.twitter.com/1DplT6G4RD
— News18 MadhyaPradesh (@News18MP) July 24, 2023
”ബര്‍കേഡ ജില്ല സ്വദേശിയാണ് സിംഗ് കൈക്കൂലി ആവശ്യപ്പെട്ട കാര്യം ഞങ്ങളെ അറിയിച്ചത്. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സിംഗിനെ ഞങ്ങള്‍ കൈയ്യോടെ പിടിച്ചു. ഇതോടെ അയാള്‍ നോട്ടുകള്‍ വായിലാക്കി വിഴുങ്ങി. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. സിംഗിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു,”എസ്പിഇ സൂപ്രണ്ട് സഞ്ജയ് സാഹു പറഞ്ഞു. ഗജേന്ദ്ര സിംഗിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും സഞ്ജയ് സാഹു അറിയിച്ചു.