ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തട്ടിപ്പ്; പിന്നിൽ വൻ ശൃംഖല, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്*

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തട്ടിപ്പ്; പിന്നിൽ വൻ ശൃംഖല, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
 

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അക്കൗണ്ട് ഉടമയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പിന് പിന്നിൽ വൻ ശൃംഖല ഉണ്ടെന്നാണ് സൈബർ പൊലീസിൻ്റെ കണ്ടെത്തൽ.

സാധാരണക്കാരുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് സംഘം ബാങ്ക് അക്കൗണ്ട് സംഘടിപ്പിക്കുന്നത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. തട്ടിപ്പിന് ഇരയായ കോഴിക്കോട് സ്വദേശിയുടെ ചാറ്റ് വിവരങ്ങളെ സംബന്ധിച്ച് വാട്സ് ആപ്പ് മുംബൈ നോഡൽ ഓഫീസിൽ പൊലീസ് വിവരം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ അന്വേഷണ സംഘം ഗുജറാത്തിലേക്ക് തിരിക്കും. പണം കൈമാറിയ ഗുജറാത്തിലെ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ചാണോ ഈ അക്കൗണ്ട് എടുത്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഗുജറാത്തിലെ അക്കൗണ്ടിൽ നിന്ന് ഗോവയിലെ പനജി രത്ന്നാഗർ ബാങ്ക് ശാഖയിലേക്ക് നാല് തവണയായി പണം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രമുഖ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയത്. ബിസിനസ് ആവശ്യത്തിന് പണം കൈമാറിയതാകാം എന്നാണ് നിഗമനം. ഇതും അന്വേഷണ പരിധിയിൽ വരും. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായും പോലീസ് സംശയിക്കുന്നു.

രാജ്യത്ത് ആദ്യമായാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് നി​ഗമനം. ഇതിനാൽ തന്നെ തട്ടിപ്പിൻ്റെ ഉറവിടം കണ്ടെത്തി പ്രതികളെ പിടിക്കുക എന്നതും പൊലീസിന് വെല്ലുവിളിയാണ്.
 
*