ഈ വര്‍ഷം ഇന്ത്യയിൽ നിന്ന് നാലായിരത്തിലേറെ സ്ത്രീകൾ പുരുഷന്മാര്‍ ഒപ്പമില്ലാതെ ഹജ്ജിന് പോയി: പ്രധാനമന്ത്രി




ഈ വര്‍ഷം ഇന്ത്യയിൽ നിന്ന് നാലായിരത്തിലേറെ സ്ത്രീകൾ പുരുഷന്മാര്‍ ഒപ്പമില്ലാതെ ഹജ്ജിന് പോയി: പ്രധാനമന്ത്രി


പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 103-ാം എപ്പിസോഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു പരിപാടി. ഈ വര്‍ഷം രാജ്യത്തു നിന്ന് പുരുഷ പങ്കാളിയില്ലാതെ 4000 മുസ്ലീം സ്ത്രീകളാണ് ഹജ്ജ് കര്‍മം നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മാസത്തെയും അവസാന ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ 102-ാം എപ്പിസോഡ് ജൂണ്‍ 18-നാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. മന്‍കിബാത്തിന്റെ ആദ്യ എപ്പിസോഡ് 2014 ഒക്ടോബര്‍ മൂന്നിനാണ് സംപ്രേക്ഷണം ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍ 30നായിരുന്നു നൂറാം എപ്പിസോഡ്.



 അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ അദ്ദേഹം മൗനം തുടര്‍ന്നു. മേയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരേ എതിര്‍കക്ഷികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

രാജ്യത്ത് നിന്ന് ഈ വര്‍ഷം 4000 സ്ത്രീകളാണ് പുരുഷന്മാർ ഒപ്പമില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് സൗദിയിലെത്തിയത്. ഇതിന് സൗകര്യമൊരുക്കിയ സൗദി അറേബ്യ സര്‍ക്കാരിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ജലത്തിന്റെ ദുരുപയോഗം തടയുന്നതിന് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൈക്കൊള്ളുന്ന നൂതനമായ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

Also Read- സ്വകാര്യദൃശ്യങ്ങൾ അജ്ഞാതൻ പുറത്തുവിട്ടു; കർണാടകയിൽ രണ്ട് രണ്ടാംവർഷ വിദ്യാർത്ഥികൾ ജീവനൊടുക്കി

മഴക്കെടുതികള്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പൗരന്മാര്‍ കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി വീണ്ടും കാണിച്ചുതന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ സഹായമെത്തിച്ച ദേശീയ ദുരന്തനിവാരണ സേന, സൈന്യം എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും പരിപാടി കാണാന്‍ കഴിയും. കൂടാതെ, വാര്‍ത്താ ചാനലുകളില്‍ ഇത് ലൈവായി സംപ്രേക്ഷണം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റര്‍ പേജിലൂടെയും പരിപാടി പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും.