
കല്‍പ്പറ്റ: മീനങ്ങാടി മുരണിയില്‍ പുഴയോരത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ (55) ആണ് കാണാതായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ കുണ്ടുവയല്‍ ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്.
അപകടമുണ്ടായി എന്ന് സംശയിക്കപ്പെടുന്ന സ്ഥലത്ത് കനമുള്ള എന്തോ വസ്തു പുല്ലിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ അടയാളമുണ്ട്. ഈ സ്ഥലത്ത് നിന്നും സുരേന്ദ്രന്റെ കരച്ചില്‍ കേട്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. വന്യമൃഗങ്ങള്‍ ആക്രമിച്ചതാകാമെന്ന സംശയമുണ്ടെങ്കിലും പുഴയില്‍ തെരച്ചില്‍ നടക്കുകയാണ്. കടുത്ത മഴയും അവഗണിച്ച് വ്യാപകമായ തിരച്ചിലാണ് സംഭവസ്ഥലത്ത് നടക്കുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും, മീനങ്ങാടി പൊലിസും, ഗ്രാമ പഞ്ചായത്ത് അധികൃതരും, പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ കുറുകെ വടം കെട്ടി മാത്രമാണ് പുഴയിലിറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമാകുന്നത്.