ആംബുലന്‍സ് വൈകിയതിനാല്‍ രോഗി മരിച്ചെന്ന് പരാതി; അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം


ആംബുലന്‍സ് വൈകിയതിനാല്‍ രോഗി മരിച്ചെന്ന് പരാതി; അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം

പണം മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പനി ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന അസ്മയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ 900 രൂപ ആവശ്യപ്പെട്ടു. പണം നല്‍ക്കാന്‍ വൈകിയതിനാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി.

ആംബുലന്‍സ് ഡ്രൈവറെ അന്വേഷണ വിദേമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് പനി ബാധിച്ച അസ്മ എന്ന വായോധികയെ പറവൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനി ഗുരുതരമായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ 900 രൂപ നല്‍കിയാലെ രോഗിയുമായി പോകൂ എന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.

അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് വീട്ടില്‍ നിന്നും പണം കൊണ്ടുവരുന്നത്. പണം കിട്ടയതോടെ ആംബുലന്‍സില്‍ രോഗിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എറണാകുളത്ത് എത്തി ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ രോഗി മരിക്കുകയായിരുന്നു.