ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും: പി ജയരാജന്‍
തലശ്ശരി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏത് നീക്കത്തേയും ജനം പ്രതിരോധിക്കുമെന്നും പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. തലശ്ശേരിയില്‍ നടന്ന സേവ് മണിപ്പൂര്‍ പരിപാടിയിലാണ് ജയരാജന്റെ പരാമര്‍ശം.
ഗണപതിയെ അപമാനിച്ച് സംസാരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ തലശ്ശേരിയില്‍ പ്രസംഗിച്ചിരുന്നു. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്റ പരാമര്‍ശം.
ഗണപതിയിലെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നും, കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു. ജൂലൈ 21 ന് കുന്നത്തുനാട് ജി എച്ച് എസ് എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ ഹിന്ദുദൈവ സങ്കൽപങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരെ സ്പീക്കർ സംസാരിച്ചതിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.