ഓഗസ്റ്റ് രണ്ടിന് 'ലോട്ടറി ബന്ദ്'; ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ബഹിഷ്കരിക്കാൻ തീരുമാനം
കോഴിക്കോട്: ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബഹിഷ്‍കരിച്ച് ലോട്ടറി ബന്ദ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലോട്ടറി ടിക്കറ്റുകളുടെ സമ്മാനം വർധിപ്പിക്കുക, ഫിഫ്റ്റി ടിക്കറ്റിന്റെ വില 40 രൂപയാക്കുക, ടിക്കറ്റ് വില ഏകീകരിക്കുക, 10,000 രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
മുൻകൂർ പണമടച്ച് വാങ്ങുന്ന ടിക്കറ്റുകൾ വിറ്റഴിക്കാനാകാതെ ഏജന്റുമാരും വിൽപനക്കാരും ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഇതുമൂലം ഭിന്നശേഷിക്കാരും രോഗബാധിതരുമായ ലക്ഷക്കണക്കിന് പേരുടെ ജീവിതമാർഗം വഴിമുട്ടുന്നു. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്‍റ് ഫിലിപ് ജോസഫ്, ജില്ല പ്രസിഡന്‍റ് എം സി തോമസ്, കെ ഉണ്ണികൃഷ്ണൻ, രഞ്ജിത്ത് കണ്ണോത്ത്, റസാഖ് പെരുമണ്ണ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.