നീലക്കിളിക്ക് വിട'; ട്വിറ്ററിന്റെ ലോഗോ മാറ്റാന്‍ ഇലോൺ മസ്ക്


'നീലക്കിളിക്ക് വിട'; ട്വിറ്ററിന്റെ ലോഗോ മാറ്റാന്‍ ഇലോൺ മസ്ക്


ട്വിറ്ററിന്റെ നീലക്കിളിക്ക് വിട. ട്വിറ്ററിന്റെ ലോഗോ മാറ്റാന്‍ തീരുമാനവുമായി ഇലോൺ മസ്ക്. റീബ്രാൻഡിംഗിന് ഒരുങ്ങുകയാണ് ട്വീറ്റർ. ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ നീക്കുമെന്നും ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനൊപ്പം ഉണ്ടാവുകയെന്നുമാണ്‌ അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട്‌ വിടപറയും, പതിയെ എല്ലാ പക്ഷികളോടും’ എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ്‌ മാറ്റത്തെ കുറിച്ച് മസ്‌ക് കുറിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ലോഗോ എങ്ങനെ വേണെമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന കുറിപ്പോടെ മുമ്പ് ഒരു ലോഗോ അദ്ദേഹം പങ്കുവെച്ചിരുന്നു.

ട്വിറ്ററിന്റെ ലോഗോ മാറുമോയെന്ന ചോദ്യത്തിന് മാറുമെന്നും അത് മുമ്പുതന്നെ മാറ്റേണ്ടതായിരുന്നു എന്നുമാണ് അദ്ദേഹം മുമ്പ് മറുപടി പറഞ്ഞത്. എന്നാല്‍, ഞങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ഈ നീല നിറമുള്ള പക്ഷിയെന്നും അതിനെ ഏത് മാര്‍ഗത്തിലൂടെയും സംരക്ഷിക്കുമെന്നും ട്വിറ്റര്‍ വെബ്‌സൈറ്റ് അറിയിച്ചു. ഏറെ നാളായി മസ്‌ക് പരിഗണിക്കുന്ന ലോഗോയാണ് എക്‌സ് എന്നും അതാണ് ഇപ്പോള്‍ ട്വിറ്ററിന് നല്‍കുന്നതെന്നുമാണ് വിലയിരുത്തല്‍.

കഴിഞ്ഞ ഏപ്രിലിൽ ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോൾ ചിത്രമായ ‘ഡോജ്’ കുറച്ചുദിവസത്തേയ്ക്കു ലോഗോ ആക്കിയിരുന്നു. ട്വിറ്ററിന്റെ വെബ് പതിപ്പിൽ മാത്രമാണ് ലോഗോ മാറ്റിയത്. ഷിബ ഇനു ഇനത്തിൽപെട്ട നായയുടെ തലയാണ് ഡോജ് എന്ന പേരിൽ 10 വർഷത്തോളമായി ട്രോളുകളിലുള്ളത്. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളെ പരിഹസിക്കാൻ 2013 ൽ ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോജ്‌കോയിൻ എന്ന ക്രിപ്റ്റോകറൻസിയിൽ നിന്നാണ് ‍ഡോജ് എന്ന ട്രോൾ ഉണ്ടായത്.

വൻ പ്രഖ്യാപനങ്ങൾ ഒരു വശത്ത് നടത്തുമ്പോഴും കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു ദിവസം കാണാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലടക്കം മസ്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഗൂഗിളിന്റെ ഡാറ്റ സ്റ്റോറേജ് ഉപയോഗിക്കുന്നത് കുറയ്ക്കാനും ആ വകയിലുള്ള പണം ലാഭിക്കാനുമായിരുന്നു ഈ തീരുമാനമെങ്കിലും മസ്ക് അതിനെ അവതരിപ്പിച്ചത് ആളുകളുടെ ട്വിറ്റർ അഡിക്ഷൻ കുറയ്ക്കാനുള്ള നീക്കമായിട്ടാണ്.