ഉറച്ച പ്രതീക്ഷയിൽ ഐഎസ്ആർഒയും രാജ്യവും; ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന്, എല്ലാം സജ്ജം

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
ഉറച്ച പ്രതീക്ഷയിൽ ഐഎസ്ആർഒയും രാജ്യവും; ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന്, എല്ലാം സജ്ജം


ഹൈദരാബാദ്: ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. ഇത് വരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്ജമായി നിൽക്കുകയാണ്.

വിക്ഷേപണം ഒരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന്  വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.  

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക. ഇതിന് ശേഷമാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ് ഉണ്ടാവുക. ചന്ദ്രയാൻ രണ്ടിന് സാധിക്കാതെ പോയത് ചന്ദ്രയാൻ മൂന്നിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐഎസ്ആർഒ.