വിവാഹത്തിന് സമ്മതിച്ചില്ല; ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ചു കൊന്നു


ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
വിവാഹത്തിന് സമ്മതിച്ചില്ല; ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ചു കൊന്നു


ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. മാളവ്യ നഗര്‍ അരബിന്ദോ കോളേജിന് സമീപത്തെ പാര്‍ക്കിലായിരുന്നു സംഭവം. കമല നെഹ്‌റു കോളജിലെ വിദ്യാര്‍ഥിനിയായ 25കാരി നര്‍ഗീസ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നര്‍ഗീസിന്‍റെ അകന്ന ബന്ധുവായ   ഇര്‍ഫാനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹ വാഗ്ദാനം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട നർഗീസിനെ വിവാഹം കഴിക്കാൻ ഇർഫാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ജോലിയില്ലാത്തതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ വിസമ്മതിച്ചു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ നർഗീസ് ഇർഫാനുമായുള്ള സംസാരം നിർത്തി. പലതവണ ഫോണ്‍ ചെയ്തിട്ടും നര്‍ഗീസ് സംസാരിക്കാന്‍ തയാറായില്ല. ഇതിനെ തുടര്‍ന്ന് അസ്വസ്ഥനായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറയുന്നു.

അരബിന്ദോ കോളജിന് സമീപത്തുള്ള പാര്‍ക്കില്‍ ഇര്‍ഫാനൊപ്പമെത്തിയ നര്‍ഗീസിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പാര്‍ക്കിലെ ബെഞ്ചില്‍ രക്തം വാര്‍ന്ന നിലയിലാണ് നര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇര്‍ഫാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


സംഭവത്തിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രംഗത്തെത്തി. ‘മാളവ്യ നഗർ പോലൊരു പോഷ് പ്രദേശത്ത് ഒരു പെൺകുട്ടിയെ വടികൊണ്ട് അടിച്ചു കൊന്നു. ഡൽഹി തീര്‍ത്തും സുരക്ഷിതമല്ലാതായിരിക്കുന്നു. മാധ്യമ വാര്‍ത്തകളില്‍ പെണ്‍കുട്ടികളുടെ പേര് മാറുന്നതല്ലാതെ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല’ എന്ന് അവര്‍ ട്വീറ്റ് ചെയ്തു.