കോട്ടയം സ്വദേശിയായ പതിനേഴുകാരന്‍ യുഎസിൽ വെടിയേറ്റ് മരിച്ചു
കോട്ടയം സ്വദേശിയായ പതിനേഴുകാരന്‍ യുഎസിൽ വെടിയേറ്റ് മരിച്ചു


അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റ് മരിച്ചു. കോട്ടയം കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.30ന് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സായി ജോലി ചെയ്യുകയാണ്. 1992ൽ ആണ് സണ്ണിയും കുടുംബവും അമേരിക്കയിലേക്ക് താമസം മാറ്റിയത്. 2019ലാണ് ഇവര്‍ അവസാനമായി നാട്ടിലെത്തിയത്. ജ്യോതി, ജോഷ്യ, ജാസ്മിൻ എന്നിവരാണ് മരിച്ച  ജാക്സന്റെ സഹോദരങ്ങൾ. സംസ്കാരം യുഎസിൽത്തന്നെ നടത്തിയേക്കുമെന്നാണ് ബന്ധുക്കൾക്ക്  ലഭിച്ച വിവരം.