കീഴൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയായി

കീഴൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയായി 
ഇരിട്ടി: ഇരിട്ടി നഗരത്തിൽ കീഴൂർ വില്ലേജ് ഓഫീസിനായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തിയായി.
 തലശ്ശേരി - മൈസൂർ അന്തർസംസ്ഥാന പാതയിൽ  ഇരിട്ടി ടൗണിൽ കെ എസ് എഫ് ഇ ഓഫീസ്  പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 10 സെന്റ്  സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.  പുന്നാട് ടൗണിൽ തന്നെയാണെങ്കിലും തീരെ സ്ഥല പരിമിതിയുള്ള സ്ഥലത്താണ് ഇപ്പോൾ കീഴൂർ വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വരുന്നത്. 44 ലക്ഷം രൂപ മുടക്കിയാണ്‌ ഇരിട്ടി ടൗണിൽ തന്നെ ഇപ്പോൾ  സ്മാർട്ട്‌ വില്ലേജ്‌ ഓഫീസ്‌ നിർമ്മിച്ചത്‌. റോഡിൽ നിന്നും താഴ്ന്ന് പഴശ്ശി ജല സംഭരണി പ്രദേശത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാലും  വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനുമായി താഴത്തെ നില പാർക്കിങ്ങിന് ഉപയോഗപ്രദമാകുന്ന രീതിയിൽ റോഡിന് സമാന്തരമായാണ്  കെട്ടിടം നിർമ്മിച്ചത്.