ചാ​ന​ല്‍ ച​ര്‍​ച്ച​യി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശം; സിപിഎം പരാതിയിൽ ബി​ജെ​പി നേ​താ​വി​നെ​തി​രേ പ​യ്യ​ന്നൂ​രി​ല്‍ കേ​സ്ചാ​ന​ല്‍ ച​ര്‍​ച്ച​യി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശം; സിപിഎം പരാതിയിൽ ബി​ജെ​പി നേ​താ​വി​നെ​തി​രേ പ​യ്യ​ന്നൂ​രി​ല്‍ കേ​സ്


പ​യ്യ​ന്നൂ​ര്‍: സ്വ​കാ​ര്യ ടി​വി ചാ​ന​ലി​ല്‍ മ​ണി​പ്പു​രി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ കോ​റോം നാ​ടി​നെ​യും സി​പി​എ​മ്മി​നെ​യും അ​പ​മാ​നി​ച്ചു​വെ​ന്നും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ക​ല്‍​ച്ച​യും വൈ​രാ​ഗ്യ​വും സൃ​ഷ്ടി​ക്കാ​നു​ള്ള ദു​രു​ദ്ദേ​ശ്യത്തോടെ സംസാരിച്ചെന്നുമുള്ള പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

സി​പി​എം കോ​റോം വെ​സ്റ്റ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം.​ അ​മ്പു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ബി​ജെ​പി നേ​താ​വ് ടി.​പി.​ ജ​യ​ച​ന്ദ്ര​നെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

“പ​യ്യ​ന്നൂ​ര്‍ കോ​റോ​ത്ത് മു​ന്നൂ​റി​ല​ധി​കം സി​പി​എം ഗു​ണ്ട​ക​ള്‍ ചേ​ര്‍​ന്ന് ര​ണ്ട് ദ​ളി​ത് സ്ത്രീ​ക​ളെ (പേ​ര് പ​റ​യു​ന്നു) ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ചു, ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു, അ​ഭ​യാ​ര്‍​ഥി ക്യാ​മ്പു​ക​ളി​ല്‍ മാ​സ​ങ്ങ​ളോ​ളം ക​ഴി​യേ​ണ്ടി വ​ന്നു​വെ​ന്ന പ്ര​സ്താ​വ​ന​യാ​യി​രു​ന്നു ക​ഴി​ഞ്ഞ 18ന് ​ന​ട​ന്ന ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ജ​യ​ച​ന്ദ്ര​നു​യ​ര്‍​ത്തി​യ​ത്.

ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം കോ​റോം പ്ര​ദേ​ശ​ത്ത് നാ​ളി​തു​വ​രെ ന​ട​ക്കാ​ത്ത​തും വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​തും കേ​ട്ടു​കേ​ള്‍​വി പോ​ലും ഇ​ല്ലാ​ത്ത​തു​മാ​ണെ​ന്ന് പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ. ​പ്രേ​മ​ച​ന്ദ്ര​ന് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ്ത്രീ​ക​ളെ അ​ക്ര​മി​ച്ചു​വെ​ന്ന പ്ര​സ്താ​വ​ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ക​ല്‍​ച്ച​യും വൈ​രാ​ഗ്യ​വും സൃ​ഷ്ടി​ക്കു​ന്ന​തോ​ടൊ​പ്പം സി​പി​എ​മ്മി​നെ​തി​രേ ദു​രു​ദ്ദേ​ശത്തോ​ടെ​യു​ള്ള​താ​ണെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷമാണ് ടി.​പി.​ ജ​യ​ച​ന്ദ്ര​നെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.