സ്പീക്കർക്കെതിരെ വിദ്വേഷ മുദ്രാവാക്യം; യൂത്ത് ലീഗ് പരാതിയിൽ സംഘപരിവാർ സംഘടനകൾക്കെതിരെ കേസ്
പാലക്കാട്: പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചു എന്ന പരാതിയിൽ പട്ടാമ്പി കൊപ്പത്ത് സംഘപരിവാർ സംഘടനകൾക്കെതിരെ പോലീസ് കേസെടുത്തു. മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
സ്പീക്കർ എ.എൻ ഷംസീറിന്റെയും യൂത്ത് ലീഗിന്റെയും വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കൊപ്പത്ത് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് വിദ്വേഷ മുദ്രാവാക്യം ഉയർന്നത്. ശനിയാഴ്ച്ച രാത്രിയാണ് കൊപ്പം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
ആർഎസ്എസ് ഖണ്ഡ്കാര്യവാഹക് ശിവനാരായണൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽ കൊപ്പം എന്നിവരാണ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയത്.
പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചു എന്ന് കാണിച്ച് പട്ടാമ്പി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് കൊപ്പം പോലീസ് കേസെടുത്തത്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മായിൽ വിളയൂർ ആണ് രേഖാമൂലം പൊലീസിന് പരാതി നൽകിയത്.153 എ, 143, 147, 506, റെഡ് 149 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കൊപ്പം എസ്‌ഐ എം ബി രാജേഷ് പറഞ്ഞു.