
തൊടുപുഴ: ഇടുക്കി ആനയിറങ്കലിലെ ബോട്ടിങ് നിരോധനം, മൂന്നാർ മേഖലയിലെ നിർമ്മാണം നിരോധനം എന്നിവക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവുകൾക്കെതിരെ ഏഴാം തീയതി പൂപ്പാറയിൽ പ്രതിഷേധ സമരം നടത്തും. ജനവാസ മേഖലകളെ വനമാക്കി മാറ്റാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന അരിക്കൊമ്പൻ വിദഗ്ധ സമിതിയുടെ നീക്കമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശ പ്രകാരം ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിർത്തിയിരുന്നു. ഇതോടൊപ്പം ചിന്നക്കനാൽ മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളുടെ വിവരങ്ങൾ നൽകാൻ സമിതി ആവശ്യപ്പെട്ടു. 2007 ന് ശേഷം നിർമിച്ച റിസോർട്ടുകളുടെ കണക്കാണ് ആവശ്യപ്പെട്ടത്. വിവരങ്ങൾ നൽകാൻ താമസിച്ചതിന് ഹൈക്കോടതി പഞ്ചായത്ത് സെക്രട്ടറിയെ വിമർശിക്കുകയും ചെയ്തിരുന്നു. ചിന്നക്കനാൽ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായാണോ ഇത്തരം നടപടികളെന്ന് ആശങ്ക വ്യാപകമായിട്ടുണ്ട്. ഇതേത്തുടർന്നാണ് ശാന്തൻപാറയിൽ സർവ കക്ഷി യോഗം ചേർന്നത്. ആക്ഷൻ കൗൺസിലും രൂപീകരിച്ചു.
ജനവാസ മേഖലയെ വനമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് സർവ കക്ഷി യോഗത്തിന്റെ വിലയിരുത്തൽ. കാട്ടാനകളുള്ള മാട്ടുപ്പെട്ടി, തേക്കടി എന്നിവിടങ്ങളിൽ ബോട്ടിങ് നടത്തുന്നതിനെ എതിർക്കാത്ത വനം വകുപ്പ് ആനയിറങ്കലില്‍ വിപരീത നിലപാട് സ്വീകരിച്ചതിനെതിരെ യോഗത്തിൽ പ്രതിഷേധമുയർന്നു. ആനയിറങ്കല്‍ ജലാശയവും ചുറ്റുമുള്ള പ്രദേശങ്ങളും ഉള്‍പ്പെടുത്തി 1252 ഹെക്ടര്‍ സ്ഥലത്ത് പുതിയ ദേശീയോദ്യാനം സ്ഥാപിക്കാനുള്ള വനംവകുപ്പ് പദ്ധതിയുടെ ഭാഗമാണിതെന്നാണ് പ്രധാന ആശങ്ക.